ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്തെ ഗവ. ഹോമിയോ ആശുപത്രികളിൽ കിടത്തിച്ചികിത്സ നൽകുന്ന രോഗികളുടെ എണ്ണം നന്നേ കുറവ്. സർക്കാർ ഇതിലേക്കു കോടിക്കണക്കിനു രൂപ ചെലവാക്കുമ്പോഴും ശരാശരി ദിവസം ഒരാളെയെങ്കിലും ഇൻപേഷ്യന്റ് ആയി പ്രവേശിപ്പിക്കുന്ന ആശുപത്രികൾ 10% തന്നെ വരില്ല. മെഡിക്കൽ കോളജുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.   

കിടത്തിച്ചികിത്സയ്ക്ക് രോഗികളെ പ്രവേശിപ്പിച്ചാൽ മിനക്കേടാണെന്ന ഒരു വിഭാഗം ജീവനക്കാരുടെയും ഡോക്ടർമാരുടെയും നിലപാടാണ് രോഗികളെ പ്രവേശിപ്പിക്കാത്തതിന്റെ പ്രധാന കാരണമെന്നു വകുപ്പിലുള്ളവർ തന്നെ ആക്ഷേപമുന്നയിക്കുന്നുണ്ട്.  വിവരാവകാശം വഴി ശേഖരിച്ച കണക്കുകളാണു  കിടത്തിച്ചികിത്സ വിഷയത്തിലെ അനാസ്ഥ വെളിപ്പെടുത്തുന്നത്.  

രണ്ടു മെഡിക്കൽ കോളജുകളും ഹോമിയോ വകുപ്പിനു കീഴിലെ 14 ജില്ലാ ആശുപത്രികളും താലൂക്ക് ആശുപത്രികളുമായി സംസ്ഥാനത്തു സർ‌ക്കാർ നിയന്ത്രണത്തിലുള്ള 36 ഹോമിയോ സ്ഥാപനങ്ങളിലാണു നിലവിൽ കിടത്തിച്ചികിത്സ ഉള്ളത്. ശരാശരി കണക്കെടുത്താൽ 90% ആശുപത്രികളിലും ദിവസം ഒരാൾക്കു പോലും കിടത്തിച്ചികിത്സയ്ക്കു പ്രവേശനം നൽകുന്നില്ല.  പകുതി ആശുപത്രികളിൽ ഒരു വർഷം ശരാശരി 100ൽ  താഴെ പേർക്കാണു പ്രവേശനം  നൽകിയത്. അതേസമയം ചില മെഡിക്കൽ ഓഫിസർമാർ പ്രത്യേക താൽപര്യമെടുക്കുന്ന ആശുപത്രികളിൽ പ്രതിവർഷം 300–400 രോഗികൾക്കു കിടത്തിച്ചികിത്സ നൽകിയിട്ടുണ്ട്. ഒരു വർഷം ആയിരത്തിനു മുകളിൽ ആളുകൾക്ക് കിടത്തിച്ചികിത്സ നൽകിയ രണ്ട് ആശുപത്രികളുമുണ്ട്. 

പ്രഫസർ പദവിയിലുള്ള ഡോക്ടർമാർ അടക്കം ജീവനക്കാരും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള മെഡിക്കൽ കോളജുകളിലെ കണക്ക് അതീവ ദയനീയമാണ്.  തിരുവനന്തപുരം മെഡിക്കൽ കോളജിൽ 2020–ൽ ചികിത്സ നൽകിയത് ആകെ 253 പേർക്കാണ്. കഴിഞ്ഞ വർഷം കോവിഡ് മൂലം കിടത്തിച്ചികിത്സ ഉണ്ടായിരുന്നില്ല. കോഴിക്കോട് മെഡിക്കൽ കോളജിലാകട്ടെ 2020–ൽ 296 പേരെയും 21–ൽ 207 പേരെയുമാണു  കിടത്തി ചികിത്സിച്ചത്.  വിദ്യാർഥികളുടെ പഠനത്തിനും ഗവേഷണത്തിനുമായി രോഗികൾ വേണമെന്നിരിക്കെ അതിനുള്ളത്ര പോലും ആളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുന്നില്ല എന്നു കണക്കുകൾ വ്യക്തമാക്കുന്നു. 

സംസ്ഥാനത്തെ 34 ഗവ. ഹോമിയോ ആശുപത്രികളിലായി ഒരു വർഷം ആകെ കിടത്തിച്ചികിത്സ നൽകിയവർ: 2020- 5046, 2021-8067, 2022- 6449,തിരുവനന്തപുരം മെഡി. കോളജ്: 2020–253, 2022–326. കോഴിക്കോട് മെഡി. കോളജ്: 2020– 296, 2021–207, 2022–312

ചില ആശുപത്രികളിൽ രോഗികളെ പ്രവേശിപ്പിക്കാൻ മടിക്കുന്നെന്ന പരാതികളിൽ ഡിഎംഒമാരുടെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ജീവനക്കാർക്കു മതിയായ പരിശീലനമില്ല. അതു പരിഹരിക്കാൻ പദ്ധതി തയാറാക്കുന്നുണ്ട്. പലയിടത്തും വളരെ കുറവായ ജീവനക്കാരെ വച്ചു നടത്തിക്കൊണ്ടു പോകുന്നതിന്റെ ജോലിഭാരം അവർക്കു പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com