കുറ്റ്യാടി ∙ ലഹരിക്കെതിരെ കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ കോഴിക്കോട് റൂറൽ ജില്ലാതല ഉദ്ഘാടനം കെ.പി. കുഞ്ഞമ്മദ് കട്ടി എംഎൽഎ നിർവഹിച്ചു. എക്കോവൈവ് പെഡ്‌ലേഴ്സ് കല്ലാച്ചി, സൈക്ലോ കുറ്റ്യാടി, ഫ്രീ വീലേഴ്സ് ഒഞ്ചിയം എന്നീ സൈക്കിൾ ക്ലബുകളുമായി ചേർന്നു കുറ്റ്യാടി മുതൽ നാദാപുരം വരെ സൈക്കിൾ റാലി നടത്തി. ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസാമി ഫ്ലാഗ് ഓഫ് ചെയ്തു.
റൂറൽ ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എസ്. ഷാജി, ബോധവൽക്കരണ സന്ദേശവും നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടത്തിയ പ്രതിജ്ഞയിൽ സ്കൂൾ അധ്യാപകർ, എസ്പിസി കെഡറ്റുകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ.മനോജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കക്കട്ടിൽ നൽകിയ സ്വീകരണ പരിപാടിയിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈക്കിൾ റാലിയിലും ബോധവൽക്കരണ പരിപാടിയിലും നാദാപുരം ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി, വളയം ഇൻസ്പെക്ടർ എ.അജീഷ്, കുറ്റ്യാടി ഇൻസ്പെക്ടർ ഇ.കെ.ഷിജു, തൊട്ടിൽപാലം ഇൻസ്പെക്ടർ എം.ടി. ജേക്കബ്, സബ് ഇൻസ്പെക്ടർമാരായ പി.കെ.ഷമീർ, ടി.പി.പ്രശാന്ത്, അനീഷ് വടക്കേടത്ത് എന്നിവർ പങ്കെടുത്തു.