ADVERTISEMENT

താമരശ്ശേരി∙ അടിവാരം ടൗൺ ജുമാഅത്ത് പള്ളിയുടെ ഓഫിസ് കുത്തി തുറന്ന്  47000 രൂപ കവർച്ച നടത്തിയത് മുസ്‌ലിം പള്ളികൾ മാത്രം കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ്. ബത്തേരി മലവയൽ തൊവരിമല, മൂർഖൻ വീട് ഷംസാദ് (34)  ആണ് മോഷണം നടത്തിയത്. കഴിഞ്ഞ ജൂലൈ  13 ന് അർധ രാത്രിയിലാണ് പള്ളിയുടെ മുകളിൽ പ്രവർത്തിക്കുന്ന അൻസാറുൽ മുസ്‌ലിമിൻ മഹല്ല് കമ്മിറ്റിയുടെ ഓഫിസിൽ മോഷണം നടത്തിയത്. ഇതിനുശേഷം തമിഴ്നാട്ടിലെ വേടസന്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പള്ളിയിൽ നിന്ന് 40,000 രൂപ മോഷണം നടത്തിയ കേസിൽ പിടിയിലാതോടെയാണ് അടിവാരം പള്ളിയിലെ മോഷണ കേസിന് തുമ്പുണ്ടായത്.

ഫിംഗർ പ്രിന്റ് പരിശോധനയിലൂടെയാണ്  പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ  താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഡിണ്ടിഗൽ ജില്ലാ ജയിലിൽ കഴിയുകയായിരുന്ന  പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ഇന്നലെ അടിവാരം പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട്, മലപ്പുറം , കോട്ടയം, തിരുവനന്തപുരം, തമിഴ്നാട് എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ നേരത്തെ 14 പള്ളി മോഷണ കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. ഇതിൽ 12 കേസുകളിൽ കോടതി ശിക്ഷിക്കുകയും 2 കേസുകൾ തള്ളി പോവുകയും ചെയ്തതാണ്. അടിവാരം പള്ളിയിലെ മോഷണം  ഉൾപ്പെടെ  5 കേസുകൾ  ഇപ്പോൾ നിലവിലുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അടിവാരത്തെ മോഷണത്തിനു ശേഷം കോഴിക്കോട് വഴി തിരുവനന്തപുരത്ത് എത്തിയ പ്രതി പിന്നീട് പൊള്ളാച്ചിയിലേക്ക് മുങ്ങുകയായിരുന്നു. ഇവിടെ നിന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ വേട‌സന്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിൽ നിന്ന് 40,000 രൂപ കളവ് നടത്തി പിടിയിലായത്. പൊന്നാനിയിലെ ഒരു പള്ളിയിൽ നിന്ന് 2,60,00 രൂപ കവർന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. മോഷണം നടത്തി കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയാണ് പതിവ്. കേരളത്തിൽ മോഷണം നടത്തി തമിഴ്നാട്ടിലേക്കു മുങ്ങുന്നതാണ് സ്ഥിരം ശൈലി. താമരശ്ശേരി എസ്ഐമാരായ വി.കെ.റസാഖ്, എ.ശ്രീകുമാർ, എസ്സിപിഒ ഷിനോജ് കുമാർ എന്നിവരാണ്  പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുവന്ന്  തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പ് പൂർത്തിയാക്കി  തിങ്കളാഴ്ച പ്രതിയെ  കോടതിയിൽ ഹാജാരാക്കും. കഴിഞ്ഞ 5 വർഷമായി പ്രതി നാട്ടിൽ എത്തിയിട്ടില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com