ADVERTISEMENT

മേപ്പയൂർ∙ സഞ്ചാരികളുടെ  ഇഷ്ടപ്രദേശമായി മാറുകയാണ് മേപ്പയൂരിനു സമീപമുള്ള നരക്കോട് മീറോട് മല. മൂന്നു പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന മലമുകളിൽ സായാഹ്നങ്ങൾ  ചെലവഴിക്കാൻ ഒട്ടേറെപ്പേരാണു എത്തുന്നത്. കീഴരിയൂർ, മേപ്പയൂർ  പഞ്ചായത്തുകളിലാണ് മലയുടെ കൂടുതൽ പ്രദേശവും സ്ഥിതിചെയ്യുന്നത്. മലയുടെ മുകൾത്തട്ടിലെത്തിയാൽ താഴ്‌വാരത്തെ കാഴ്ചകളെല്ലാം കാണാം. അകലെ അകലാപ്പുഴയുടെ ദൃശ്യഭംഗിയും ആസ്വദിക്കാം.

ദൂരക്കാഴ്ചയായി കടലും കണ്ണിനു മിഴിവേകുന്ന കാഴ്ചയാണ്. സൂര്യോദയവും, അസ്തമയക്കാഴ്ചയും അതി മനോഹരം.ഇടയ്ക്കു കോടമഞ്ഞും പെയ്തിറങ്ങാറുണ്ട്. യുവാക്കളാണ് കൂടുതലായി പ്രദേശത്തേക്ക് എത്താറ്. പ്രകൃതിഭംഗി കേട്ടറിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം വരുന്നവരും ഏറെ. മലയോരത്തിന്റെ മുകളിൽ കേന്ദ്ര സർക്കാരിന്റെ മൈക്രോവേവ് റിപ്പിറ്റിങ് സ്റ്റേഷനും മുൻപു പ്രവർത്തിച്ചിരുന്നു. അങ്ങനെ മൈക്രോവേവ് മല എന്നും വിളിപ്പേരുണ്ടായി. മലയുടെ മുകളിൽ വലിയ കളരി, ചെറിയ കളരി എന്നു പേരുള്ള പ്രദേശങ്ങളുണ്ട്. ഇവിടെ പണ്ട് കളരി അഭ്യസിച്ചിരുന്നതായി പറയപ്പെടുന്നു.

കീഴരിയൂർ ഭാഗത്തു നിന്നും നരക്കോട് മരുതേരി പറമ്പ് ഭാഗത്തു കൂടിയും മലയിലേക്കു കടക്കാനുള്ള വഴിയുണ്ട്. ഇക്കോ ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാൽ നാടിനും  പ്രദേശത്തിനും അത് ഏറെ ഗുണം ചെയ്യും.നരക്കോട് സമീപത്തുനിന്നാണ് ഇപ്പോൾ മലയുടെ മുകൾത്തട്ടിലേക്ക്  റോഡുള്ളത്. ടാറിട്ട റോഡ് കുറച്ചു ദൂരമേ ഉള്ളൂ. ചെമ്മൺ പാത കോൺക്രീറ്റ് ചെയ്താൽ  മലയിലേക്കുള്ള യാത്ര സുഗമമാകും. വിശ്രമ സൗകര്യങ്ങളും കട്ടികളുടെ പാർക്കുകളുമെല്ലാം ഒരുക്കിയാൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com