ADVERTISEMENT

വടകര∙ കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായ വില്യാപ്പള്ളിയിലെ പഴയ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മുഴുവൻ കടകളും ഒഴിയാൻ ഉടമകൾക്ക് പഞ്ചായത്ത് നോട്ടിസ് നൽകി. കെട്ടിടത്തിൽ നോട്ടിസ് പതിച്ചു. അപകടാവസ്ഥയിലായതിനാൽ കെട്ടിടത്തിലേക്ക് പ്രവേശനവും നിഷേധിച്ചു. മുഴുവൻ കടകളും പ്രവർത്തനം നിർത്താനും ആളുകൾ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സം ഏർപ്പെടുത്താനുമാണ് തീരുമാനം. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ജനൽ ഇളകി വീണിരുന്നു. കെട്ടിടത്തിന് ഉള്ളിലേക്ക് വീണതിനാൽ അപകടം ഒഴിവായി. ഒരു വർഷം മുൻപ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്നു വീണ് സ്ത്രീ അടക്കും 2 പേർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. 

കെട്ടിടത്തിൽ 19 കടകളാണ് പ്രവർത്തിക്കുന്നത്. അതിൽ 9 കടകളും ബാക്കി ഗോഡൗണുകളുമാണ്. നേരത്തെ പ്രവർത്തിച്ചിരുന്ന മത്സ്യ മാർക്കറ്റ് കെട്ടിടത്തിൽ നിന്നു മാറ്റി. ഒന്നര വർഷം മുൻപ് കടകൾ ഒഴിയാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. അന്ന് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിക്കുകയായിരുന്നു. കോടതിയിൽ കേസ് ഉള്ളതിനാൽ നടപടി എടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞില്ല. ജനൽ ഇളകി വീണതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കോൺക്രീറ്റ് അടർന്ന് കമ്പി പുറത്തായ നിലയിലാണ് കെട്ടിടം. പല ഭാഗത്തു നിന്നും കോൺക്രീറ്റ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്. 

ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാൽ കെട്ടിടം ഉടൻ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് എ.എം.അശോകൻ കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് പഞ്ചായത്ത് പുതുക്കി നൽകിയതായി വിവരാവകാശ രേഖ പ്രകാരം വ്യക്തമായി. പൊളിച്ചു മാറ്റാനുള്ള തടസ്സം കോടതിയെ സമീപിച്ചതു കൊണ്ടാണെന്നും വ്യക്തമായി. എന്നാൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കെട്ടിടം പൊളിക്കാൻ തടസ്സമില്ലെന്ന് നിയമ ഉപദേശം ലഭിച്ചതിനെ തുടർന്നാണ് കടകൾ ഒഴിയാൻ നോട്ടിസ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com