ADVERTISEMENT

ജാതിക്കൃഷിയിലെ മികവിന് ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ കല്ലാനോട് കടുകൻമാക്കൽ ഏബ്രഹാം മാത്യു, കാവിലുംപാറയെ മലബാറിലെ ഏറ്റവും വലിയ ഗ്രാമ്പൂ ഉൽപാദന കേന്ദ്രമാക്കി മാറ്റിയ ഇല്ലിക്കൽ ജോസഫ്; കൃഷിയിൽ വിജയഗാഥകൾ രചിച്ച ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. –‘ ഇനി വയ്യ, ‍‍ഞങ്ങൾ കൃഷി നിർത്തുകയാണ്.’

1971ൽ ജാതിക്കൃഷി തുടങ്ങിയ ഏബ്രഹാം മാത്യു സ്വന്തമായി വികസിപ്പിച്ചെടുത്ത ‘കടുകൻമാക്കൽ’ എന്ന ഇനം ജാതി അത്യുൽപാദനം മാത്രമല്ല, അംഗീകാരങ്ങളും ഒട്ടേറെ നൽകി. നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ അവാർ‍ഡും ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര അവാർഡും ഏബ്രഹാമിനെ തേടിയെത്തി. രണ്ടേക്കർ തോട്ടത്തിലെ 100 മരങ്ങളിൽനിന്ന് ഒരു വർഷം 14 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു.  

1979ൽ ആണ് ഗ്രാമ്പൂ എന്ന വിളയെക്കുറിച്ച് കേട്ട് ഇല്ലിക്കൽ ജോസഫ് നാഗർകോവിലിലെ എസ്റ്റേറ്റ് സന്ദർശിച്ചത്. അവിടെ നിന്ന് 1000 തൈകൾ കൊണ്ടുവന്ന് കാവിലുംപാറ വട്ടിപ്പനയിലെ 30 ഏക്കറിൽ നട്ടു. 1982ൽ ആരംഭിച്ച ഗ്രാമ്പൂ നഴ്സറി കാവിലുംപാറയിലെ അറുനൂറോളം പേരെ ഗ്രാമ്പൂ കർഷകരാക്കി. ഇപ്പോൾ വിളവെടുപ്പ് കാലത്ത് കാവിലുംപാറയിലെ ഗ്രാമ്പൂ തേടി കയറ്റുമതി കമ്പനികൾ നേരിട്ടെത്തുന്നു.

കൃഷിയിൽ സ്വന്തം വഴി വെട്ടിത്തെളിച്ചു നേട്ടങ്ങൾ കൊയ്ത ഇരുവരും കൃഷി ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ‘‘ കൃഷി ഒട്ടും ലാഭകരമല്ലാതായി. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും ഉൽപാദനച്ചെലവിലെ വർധനയുമെല്ലാം കർഷകരെ ദുരിതത്തിലാക്കുന്നു. ഈ ഘട്ടത്തിൽ സഹായമാകേണ്ട സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല’’.  കൃഷിയിൽ  അരനൂറ്റാണ്ടിന്റെ അനുഭവപരിചയമുള്ള ഇവരുടെ വാക്കുകളിൽ ജില്ലയിലെ സുഗന്ധവിള കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയുണ്ട്. ജാതിയും ഗ്രാമ്പൂവും കുരുമുളകുമെല്ലാം കൃഷി ചെയ്യുന്ന കർഷകരുടെ ജീവിതത്തിനു പഴയ സുഗന്ധമില്ല.

നടുവൊടിക്കുന്ന ഉൽപാദനച്ചെലവ്

ഉൽപാദനച്ചെലവിലുണ്ടായ ഭീമമായ വർധന കർഷകർക്കു താങ്ങാൻ കഴിയുന്നില്ലെന്ന് ഇല്ലിക്കൽ ജോസഫ് പറയുന്നു. 1979ൽ ഗ്രാമ്പൂ കൃഷി തുടങ്ങുമ്പോൾ 6 രൂപയാണ് പണിക്കാരുടെ കൂലി. ഗ്രാമ്പൂവിന് കിലോഗ്രാമിന് 640 രൂപയും. ഇപ്പോൾ കൂലി 1000 രൂപയായി. ഗ്രാമ്പൂവിന്റെ വില കിലോഗ്രാമിന് 850 രൂപ!. 

ഇല്ലിക്കൽ ജോസഫ്

‘‘ഇപ്പോഴത്തെ ജീവിതച്ചെലവ് വച്ചുനോക്കുമ്പോൾ കൂലി കുറയ്ക്കണമെന്നു പറയാൻ പറ്റില്ല. പക്ഷേ അതിന് ആനുപാതികമായി ഉൽപന്നത്തിന് വില ലഭിക്കേണ്ടേ?’’ ജോസഫ് ചോദിക്കുന്നു. ഒരു കിലോഗ്രാം പച്ച ഗ്രാമ്പൂ പറിക്കാൻ 50 രൂപ കൂലിച്ചെലവാകും. ഗ്രാമ്പു ഉണങ്ങുമ്പോൾ തൂക്കം നാലിലൊന്നായി കുറയും. അതായത് ഒരു കിലോഗ്രാം ഗ്രാമ്പൂവിന്റെ കൂലിച്ചെലവ് മാത്രം 200 രൂപ.

വളത്തിന്റെയും മറ്റു വിലവർധനയും ഉൽപാദനച്ചെലവ് കൂടാനുള്ള കാരണമാണ്.  ‘ഫാക്ടംഫോസിന്റെയും പൊട്ടാഷിന്റെയും വില ഇരട്ടിയോളമായി. ഉത്തരേന്ത്യയിലെ കർഷകർ ധാരാളമായി ഉപയോഗിക്കുന്ന യൂറിയയ്ക്ക് മാത്രമാണ് വില വർധിക്കാത്തത്. വളത്തിന് സർക്കാർ കൃഷിഭവൻ വഴി നൽകിയിരുന്ന സബ്സിഡി കൂടി നിർത്തിയതോടെ വളത്തിന്റെ ചെലവ് കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമായി’– കടുകൻമാക്കൽ ഏബ്രഹാം പറയുന്നു.

കാലാവസ്ഥ മാറി, ഉൽപാദനം കുറഞ്ഞു

കടുകൻമാക്കൽ ഏബ്രഹാം മാത്യു

5 കൊല്ലം മുൻപു വരെ കടുകൻമാക്കൽ ഏബ്രഹാമിന്റെ രണ്ടേക്കർ തോട്ടത്തിൽ നിന്ന് 24 ക്വിന്റൽ ജാതിക്കയും 6.5 ക്വിന്റൽ ജാതിപത്രിയും ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ലഭിച്ചത് 9.5 ക്വിന്റൽ ജാതിക്കയും 2.5 ക്വിന്റൽ ജാതിപത്രിയും മാത്രം.ഒരു വർഷം 5 ടൺ ഗ്രാമ്പൂ വരെ വിളവെടുത്തിരുന്ന ഇല്ലിക്കൽ ജോസഫിന്റെ 30 ഏക്കർ തോട്ടത്തിൽനിന്നു കഴിഞ്ഞ വർഷം ലഭിച്ചത് ഒരു ടൺ മാത്രം. 

‘കാലാവസ്ഥാ വ്യതിയാനമാണ് ജാതിക്കൃഷിക്ക് തിരിച്ചടിയായതെന്നു ഏബ്രഹാം പറയുന്നു. ‘ജാതി പൂവിടുമ്പോഴേക്കും മഴ പെയ്യും. മഴയിൽ പൂക്കളെല്ലാം നശിക്കും. കഴിഞ്ഞ വർഷം നാലു വട്ടം മരങ്ങൾ പൂത്തു. പക്ഷേ നാലു വട്ടവും അപ്രതീക്ഷിതമായി മഴയെത്തിയതിനാൽ കായ പിടിച്ചില്ല.’’  വർഷങ്ങളായി ജാതിക്കൃഷി ചെയ്യുന്ന പൂഴിത്തോട് സ്വദേശി വെട്ടിക്കൽ ബോബന്റെ കൃഷിയിടത്തിലും കാലം തെറ്റിയ മഴ വില്ലനായി ‘‘വെയിലു വന്നപ്പോൾ ജാതി പൂത്തു, പക്ഷേ മഴയിൽ 80% പൂക്കളും കൊഴിഞ്ഞുപോയി– ബോബൻ പറയുന്നു. 

2018ലെ പ്രളയത്തിനു ശേഷം കാലാവസ്ഥയിൽ വന്ന മാറ്റങ്ങളാണ് ഗ്രാമ്പൂ കൃഷിക്കും തിരിച്ചടയിയായതെന്നു കാവിലുംപാറയിലെ കർഷകർ പറയുന്നു. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാനുള്ള വഴികൾ കണ്ടെത്തേണ്ട കൃഷിവകുപ്പും സുഗന്ധവിള ഗവേഷണ കേന്ദ്രവും ഈ കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com