ADVERTISEMENT

നരിക്കുനി ∙ അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതിനായി രൂപീകരിച്ച ഇന്റർവ്യൂ ബോർഡിൽ യുഡിഎഫ് നേതാക്കളെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസിലേക്കു മാർച്ചും ധർണയും നടത്തി. ഇടതു മുന്നണിയുടെ ജനപ്രതിനിധികൾ ഓഫിസിനുള്ളിൽ ഉപരോധ സമരവും നടത്തി. രാവിലെ കൂടിക്കാഴ്ചയ്ക്കായി ഒട്ടേറെ പേർ എത്തിയിരുന്നു. ഇന്നലെയും ഇന്നുമായിരുന്നു കൂടിക്കാഴ്ച നടക്കേണ്ടിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ അധികൃതർ എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റി. 

അടുത്ത ഭരണസമിതിയിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ച ശേഷം മാത്രം കൂടിക്കാഴ്ച നടത്തുമെന്ന ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ശക്തമായ പൊലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നു. യുഡിഎഫ് ഭരണസമിതി ഇപ്പോഴത്തെ നിലപാട് തിരുത്തുന്നില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫ് തീരുമാനം. 

മാർച്ചും ധർണയും എൽഡിഎഫ് പഞ്ചായത്ത് കൺവീനർ വി.ബാബു ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.കെ.മിഥിലേഷ്, ഇ.ബേബിവാസൻ, എൻ.രാധാകൃഷ്ണൻ, അബ്ദുൽ മജീദ്, എം.ശിവാനന്ദൻ, വി.സി.ഷനോജ്, കെ.ഷിബൻലാൽ എന്നിവർ പ്രസംഗിച്ചു. വർക്കർ തസ്തികയിലേക്കു 104 പേരും ആയമാരുടെ ഒഴിവിലേക്ക് 68 പേരുമാണ് അപേക്ഷ നൽകിയിരുന്നത്.

‘എൽഡിഎഫിന് അസഹിഷ്ണുത’

അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയ അപേക്ഷകരെ തടഞ്ഞ എൽഡിഎഫ് അംഗങ്ങളുടെ നടപടിയിൽ യുഡിഎഫിന്റെ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു.     ഗർഭിണികൾ അടക്കമുള്ളവരെയാണ് ഉച്ചവരെ ഇടത് അംഗങ്ങൾ തടഞ്ഞു വച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. 11 അംഗങ്ങളുള്ള ഇന്റർവ്യൂ ബോർഡിലേക്ക് 5 പൊതുപ്രവർത്തകരെയാണു ഭരണസമിതി നിയോഗിച്ചത്. ഈ വിഷയം അജൻഡയായി ചർച്ച ചെയ്ത ഭരണസമിതി യോഗത്തിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങൾ ആരെയും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നില്ല.

മുൻ ഭരണസമിതിയിൽ നിന്ന് വ്യത്യസ്തമായി അഴിമതി ഇല്ലാതെയും എല്ലാവർക്കും സേവനം നൽകിയും ഭരണം നടത്തുന്നതിലുള്ള അസഹിഷ്ണുതയാണ് എൽഡിഎഫിനെ സമരത്തിനു പ്രേരിപ്പിച്ചതെന്ന് യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. യോഗത്തിൽ പ്രസിഡന്റ് സി.കെ.സലീം, വൈസ് പ്രസിഡന്റ് മിനി പുല്ലങ്കണ്ടി, ജൗഹർ പൂമംഗലം, ഉമ്മു സൽമ, ജസീല മജീദ്, മൊയ്തി നെരോത്ത്, ടി.കെ.സുനിൽ കുമാർ, സി.പി.ലൈല, ഷറീന ഈങ്ങാപ്പാറയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com