കോഴിക്കോട് ∙ വിനായകും വിഘ്നേഷും പിറന്നത് 45 മിനിറ്റിന്റെ വ്യത്യാസത്തിലാണ്. അതിന്റെ പത്തിലൊന്നു വ്യത്യാസം പോലുമുണ്ടായില്ല ഇരുവരും ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയപ്പോൾ. രണ്ടുപേരും ജന്മദിനത്തിൽ ഓടിക്കയറിയത് ഇരട്ടമധുരത്തിലേക്കാണ്. 3000 മീറ്റർ ഓട്ടത്തിൽ ഇരട്ടമെഡലുകൾ നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇരട്ട സഹോദരങ്ങളായ വി.വിഘ്നേഷും വി. വിനായകും.
വിഘ്നേഷ് ഫിനിഷ് ചെയ്തത് 9 മിനിറ്റ് 38 സെക്കൻഡിൽ. വിനായകിന്റെ സമയം 9.42 സെക്കൻഡ്. 3000 മീറ്റർ ദീർഘദൂര ഓട്ടമത്സരത്തിൽ 4 സെക്കൻഡ് വ്യത്യാസത്തിലാണ് വിനായകിന് സ്വർണം നഷ്ടമായത്. സായിയിൽ 5 വർഷമായി കോച്ച് രഘു റാമിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും പരീശീലനം. ഈ വർഷം ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 3000 മീറ്റർ ദീർഘദൂര ഓട്ടത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി വിഘ്നങ്ങളില്ലാതെയാണ് വിഘ്നേഷ് കായിക മേളയ്ക്ക് ഇറങ്ങുന്നത്.
ജൂനിയർ അത്‌ലറ്റിക് മീറ്റിൽ സ്റ്റേപിൾ ചേസിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയാണ് വിനായക്കിന്റെ വരവ്. ഗവ. മോഡൽ സ്കൂളിൽ പ്ലസ് ടു ഹ്യൂമാനിറ്റിസ് വിദ്യാർഥികളാണ് ഇരുവരും. അച്ഛൻ വി. രാജേഷ് ഗൾഫിൽ ജോലി ചെയ്യുന്നു. അമ്മ വി.പി. ഷീന റേഷൻ കട നടത്തുന്നു.