ADVERTISEMENT

കോഴിക്കോട്∙ പാർട്ടിയുടെ ഐക്യത്തെക്കുറിച്ച് നേതാക്കൾ ഓർമിപ്പിച്ച വേദിയിൽ ഉത്സവാന്തരീക്ഷത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തറക്കല്ലിട്ടു.  15 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കാൻ പുറപ്പെടുന്നത് പുതിയ ഓഫിസിൽ നിന്നായിരിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പ്രഖ്യാപിച്ചു. 

ഏതു സംഘടനയുടെയും അടിസ്ഥാനം പ്രവർത്തകരും പരിപാടിയും ഓഫിസുമാണെന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഓർമിപ്പിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ പ്രാർഥനാ ഗാനത്തോടെയാണ് ചടങ്ങു തുടങ്ങിയത്. മാളികപ്പുറം മുൻ മേൽശാന്തി കെ.ശംഭു നമ്പൂതിരി, റവ.ഡോ. വിൻസന്റ് മോസസ്, ശിഹാബുദ്ദീൻ അബ്ദുല്ലക്കോയ തങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ കെ.സുധാകരൻ തറക്കല്ലിട്ടു. 

ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, രമേശ് ചെന്നിത്തല എംഎൽഎ, കെ.മുരളീധരൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.കെ.രാഘവൻ എംപി, എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാൾ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ.അബ്രഹാം, പി.എം.നിയാസ്, കെ.ജയന്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, എൻ.സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, എൻഎസ്‌യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പിന്നണി ഗായകൻ കെ.പി. സുനിൽകുമാർ വന്ദേമാതരം ആലപിച്ചു.   4 നിലകളിലായി 21000 ചതുരശ്ര അടിയിലാണ് കെ.കരുണാകരൻ ഭവൻ എന്ന പേരിൽ ഡിസിസി ഓഫിസ് നിർമിക്കുന്നത്. 5.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

ആദ്യദിനം ലഭിച്ചത് 9.53 ലക്ഷം രൂപ

ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തിയ പ്രവർത്തകർ കെട്ടിട നിർമാണ ഫണ്ടിലേക്ക് സംഭാവനയായി നൽകിയത് 9.53 ലക്ഷം രൂപ. എന്റെ ഓഫിസിന് എന്റെ പങ്ക് എന്ന പേരിട്ട കൗണ്ടറുകളിലെത്തിയാണ് പ്രവർത്തകർ ഇന്നലെ പണം നൽകിയത്. കെട്ടിടനിർമാണ ഫണ്ടിലേക്കുള്ള ആദ്യ സംഭാവന കെപിസിസി അംഗം എൻ.അബ്ദുറഹ്മാൻ കെപിസിസി പ്രസിഡന്റിനു കൈമാറി.

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല എംഎൽഎ, എം.കെ.രാഘവൻ എംപി എന്നിവർ ഒരു മാസത്തെ ശമ്പളവും മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു മാസത്തെ പെൻഷനും കെട്ടിടനിർമാണ ഫണ്ടിലേക്കു നൽകുമെന്ന് അറിയിച്ചു. ജില്ലയിൽ നിന്നുള്ള ജനപ്രതിനിധി എന്ന നിലയിൽ ഡിസിസി നിർദേശിക്കുന്ന തുക നൽകുമെന്നു കെ.മുരളീധരൻ എംപി അറിയിച്ചു. 

ഭൂമി തിരിച്ചുപിടിച്ചത് ഓർത്ത് നേതാക്കൾ

രണ്ടായിരം രൂപയുടെ കടത്തിന്റെ പേരിലുണ്ടായ കേസിന്റെ പേരിൽ രണ്ടരക്കോടി കൊടുത്ത് ഡിസിസി ഓഫിസും സ്ഥലവും തിരിച്ചുപിടിച്ച കഥ നേതാക്കൾ അനുസ്മരിച്ചു. കെ.മുരളീധരൻ, പി.ശങ്കരൻ, കെ.സി.അബു തുടങ്ങിയവർ ഓഫിസ് തിരിച്ചുപിടിക്കാനായി നടത്തിയ ശ്രമങ്ങൾ ഡിസിസി പ്രസിഡന്റ് അനുസ്മരിച്ചു. കെ.സി.അബു വിദേശത്തായതിനാൽ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

അബുവിന്റെ നിശ്ചയ ദാർഢ്യമാണ് ഭൂമി പാർട്ടിക്കു സ്വന്തമായതിനു പിന്നിലെന്നും പ്രവീൺ പറഞ്ഞു. ഇതിനൊപ്പം ഓഫിസ് തിരിച്ചുപിടിക്കാനുള്ള മധ്യസ്ഥ ചർച്ച നടത്തിയതും അഡ്വാൻസ് നൽകാനുള്ള 50 ലക്ഷം രൂപ സമാഹരിച്ചതും തന്റെ നേതൃത്വത്തിലായിരുന്നുവെന്ന്  എം.കെ.രാഘവൻ ഓർമിപ്പിച്ചു.

ഐക്യമാണ് ബലമെന്നു നേതാക്കൾ

ശശി തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെട്ടു ജില്ലാ വിവാദങ്ങൾ തുടരുന്നതിനിടെ പാർട്ടിയിലെ ഐക്യത്തെക്കുറിച്ച് ഓർമിപ്പിച്ച്  കോൺഗ്രസ് നേതാക്കൾ. കോഴിക്കോട് ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിലായിരുന്നു തരൂർ വിവാദത്തെക്കുറിച്ച് പരാമർശിക്കാതെ നേതാക്കളുടെ വാക്കുകൾ. ഒരുമിച്ച് പോകാത്തത്തിന്റെ ദുരന്തഫലമാണ് ജില്ലയിലെ കോൺഗ്രസ് അനുഭവിക്കുന്നതെന്നു 20 വർഷമായി ജില്ലയിൽ നിന്ന് കോൺഗ്രസിന് എംഎൽഎ ഇല്ലാത്തതു ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിൽ ചെറിയ തട്ടും മുട്ടും ഉണ്ടാകുമെങ്കിലും പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് ആരും പുറത്തേക്കു പോകില്ലെന്ന കെ.മുരളീധരൻ എംപി  പറഞ്ഞു. 

രണ്ടാഴ്ചയായി എല്ലാവരും കോൺഗ്രസിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാൽ പിണറായി വിജയൻ രക്ഷപ്പെട്ടു നിൽക്കുകയാണ്. മറ്റു കാര്യങ്ങൾക്കെല്ലാം അവധി കൊടുത്ത് ഇന്നു മുതൽ മോദിക്കും പിണറായിക്കുമെതിരെയുള്ള പ്രവർത്തനം നടത്തണം. എല്ലാം പരിശോധിച്ചു തിരുത്തു മുന്നോട്ടുപോകാം. മറ്റു അസ്വാരസ്യങ്ങളെല്ലാം മറക്കണമെന്നും മുരളി പറഞ്ഞു. കോൺഗ്രസിന്റെ തിരിച്ചുവരവിന് എല്ലാവരും പങ്കുവഹിക്കണമെന്നായിരുന്നു എം.കെ.രാഘവൻ എംപിയുടെ  വാക്കുകൾ.

കേരളത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി അതിനനുസരിച്ചു പ്രവർത്തിക്കണം.എല്ലാവരും ഒരുമിച്ചു പോകണമെന്നും രാഘവൻ പറഞ്ഞു. മാധ്യമ വാർത്തകളുടെ പുറകേ ചിറകടിക്കുന്ന ആളുകളായി നേതാക്കളും പ്രവർത്തകരും മാറരുതെന്നു കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com