ADVERTISEMENT

കോഴിക്കോട്∙ കർഷകർക്ക് പ്രതീക്ഷയേകി കപ്പ വില ഉയരുന്നു. ഒരു മാസം മുൻപു വരെ കിലോയ്ക്കു 15 രൂപയുണ്ടായിരുന്ന കപ്പയ്ക്ക് ഇപ്പോൾ 40–45 രൂപയാണ് വിപണിവില. കർഷകർക്ക് കിലോയ്ക്കു 35 രൂപ വരെ ലഭിക്കുന്നുണ്ട്. ഇക്കുറി ജില്ലയിൽ കപ്പക്കൃഷി കുറവാണ്. കഴിഞ്ഞ രണ്ടു സീസണുകളിൽ വിലയിടിവ് മൂലം കപ്പക്കർഷകർ കനത്ത നഷ്ടം നേരിട്ടിരുന്നു. സ്ഥിരം കർഷകരിൽ പലരും ഇതുമൂലം ഇത്തവണ കപ്പ നട്ടിട്ടില്ല. വിപണിയിൽ ആവശ്യത്തിന് കപ്പ ലഭിക്കാത്തതും വില ഉയരാൻ കാരണമായി.

കോവിഡ് കാലത്തു കൃഷി വകുപ്പ് പ്രഖ്യാപിച്ച സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ധാരാളം കർഷകർ കപ്പ കൃഷി ചെയ്തിരുന്നു. നടീൽ വസ്തുക്കൾ കൃഷിവകുപ്പ് വിതരണം ചെയ്തു. വിപണിയിൽ ആവശ്യത്തിലേറെ കപ്പയെത്തിയതോടെ കഴി‍ഞ്ഞ സീസണിൽ വില കുത്തനെയിടിഞ്ഞു കിലോയ്ക്ക് 8 രൂപ വരെയായി. ഈ വിലയ്ക്കും കപ്പയെടുക്കാൻ കച്ചവടക്കാർ മടിച്ചതോടെ കഴിഞ്ഞ വർഷം നാട്ടുകാർക്കു വെറുതെ നൽകുകയായിരുന്നെന്നു മൂന്നേക്കറിൽ കപ്പക്കൃഷി ചെയ്യുന്ന കൂരാച്ചുണ്ട് ചെരിയംപുറത്ത് ജിജി പറഞ്ഞു.

കനത്ത നഷ്ടം നേരിട്ടതോടെ പലരും ഈ വർഷം  കപ്പ നടാൻ മടിച്ചു. കാട്ടുപന്നി ശല്യം കാരണം മലയോര മേഖലയിലെ കർഷകർ കപ്പക്കൃഷി ഉപേക്ഷിച്ചതും കപ്പ ലഭ്യത കുറച്ചു. ജില്ലയിലേക്ക് ഏറ്റവും കൂടുതൽ കപ്പയെത്തുന്നത് വയനാട്, മലപ്പുറം ജില്ലകളിൽ നിന്നാണ്. രണ്ടു ജില്ലകളിലും ഇത്തവണ കപ്പക്കൃഷി കുറവാണ്. മണ്ഡലകാലമായതിനാൽ പുഴുക്കു തയാറാക്കാൻ കപ്പയ്ക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ഇതും വില ഉയരാൻ കാരണമായി. വിളവെടുപ്പു കാലത്തു മുഴുവൻ ഇപ്പോഴത്തെ വില നിലനിന്നാൽ നേട്ടമാണെന്നു കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com