ADVERTISEMENT

കോഴിക്കോട് ∙ ‘ദിവസവും 40 കിലോമീറ്ററിലേറെ യാത്ര ചെയ്താണ് ജോലിക്ക് എത്തുന്നത്. 20,000 രൂപയാണ് ശമ്പളം. അതിൽ യാത്രയ്ക്കു മാത്രം വലിയ തുക ചെലവാകും. സിപിഎം അനുകൂല യൂണിയനിൽ ചേർന്നാൽ സ്ഥലം മാറ്റ പ്രശ്നം ഉടൻ പരിഹരിച്ചു തരാമെന്നാണ് അവർ പറയുന്നത്. അതിനു സമ്മതിക്കാത്തതു കൊണ്ടാണു സ്ഥലം മാറ്റം നിഷേധിക്കുന്നത്. ജില്ലയിലെ സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇടപെട്ടിട്ടുണ്ട്, അദ്ദേഹത്തിനു വേണ്ടപ്പെട്ടയാൾക്കു നിയമനം നൽകാനുണ്ടെന്ന പേരിലാണ് എനിക്ക് അർഹമായ സ്ഥലംമാറ്റം നിഷേധിക്കുന്നത്.

സ്ത്രീയെന്ന പരിഗണന പോലുമില്ലാതെയാണ് ബാങ്ക് മാനേജ്മെന്റും സിപിഎം യൂണിയനും എന്നെ ദ്രോഹിക്കുന്നത് ’– കേരള ബാങ്കിലെ പാർട് ടൈം സ്വീപ്പർ ജീവനക്കാരിയായ എം.ദീപ്തി പറയുന്നു.കൊയിലാണ്ടി ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന ദീപ്തിയെ അടുത്തിടെയാണു മാവൂർ ബ്രാഞ്ചിലേക്കു മാറ്റിയത്. കൊയിലാണ്ടിയിൽ ഒഴിവു വന്നെങ്കിലും പിന്നീട് തിരിച്ചു മാറ്റിയില്ല. ഇതിനായി അപേക്ഷ നൽകുമ്പോഴാണ് സിപിഎം അനുകൂല യൂണിയനിൽ ചേരാൻ സമ്മർദമുണ്ടായതെന്നുദീപ്തി പറയുന്നു. വിസമ്മതിച്ചതോടെ ഒരു തരത്തിലും സ്ഥലം മാറ്റം നൽകില്ലെന്നായി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ഡയറക്ടർ ബോർഡ് അംഗം ഇ.രമേശ് ബാബു അടക്കമുള്ളവരും അനുകൂല സമീപനം എടുത്തിട്ടും പ്രയോജനമുണ്ടായില്ല.

പിന്നീടാണ് സിപിഎം ഉന്നതന്റെ നോമിനിക്കു വേണ്ടി കൊയിലാണ്ടിയിലെ ഒഴിവ് നീക്കി വച്ചിരിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതെന്ന് ദീപ്തി പറയുന്നു. നടപടിക്കെതിരെ കഴിഞ്ഞ ഒരു മാസമായി ദീപ്തി സമരത്തിലാണ്. ഒക്ടോബർ 11 മുതൽ റീജനൽ ഓഫിസിനു മുന്നിൽ റിലേ സമരം നടത്തി. ഇന്നലെ കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൂട്ട ഉപവാസവും തുടർ സമരപ്രഖ്യാപനവും നടത്തി. ഉപവാസം എഐടിയുസി നേതാവ് കെ.ജി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ.സുരേഷ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജന.െസക്രട്ടറി കെ.എസ്.ശ്യാംകുമാർ, വൈസ് പ്രസിഡന്റ് പ്രകാശ് റാവു, എകെബിഇഎഫ് ജില്ലാ സെക്രട്ടറി ബോധിസത്വൻ കെ.റജി, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.രാജേഷ്, സെക്രട്ടറി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com