ADVERTISEMENT

നാദാപുരം∙ റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ കാസർകോട് സ്വദേശി വി.പി.ശ്രീജിത്തിന്റെ മരണത്തിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ കേളകം തേക്കുങ്കൽ സമീഷ് ടി.ദേവ് (29) അറസ്റ്റിൽ. ഇന്നലെ നാദാപുരം ഡിവൈഎസ്പി ഓഫിസിൽ കീഴടങ്ങിയ സമീഷിനെ കേസ് അന്വേഷിക്കുന്ന പൊലീസ് ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി അറസ്റ്റ് രേഖപ്പെടുത്തി സംഭവ സ്ഥലത്തു കൊണ്ടു പോയി തെളിവെടുപ്പു നടത്തി.

മാഹിയിലെ മദ്യക്കടയിൽ വച്ചാണ് ശ്രീജിത്തുമായി പരിചയപ്പെട്ടതെന്നും ഇൻസ്റ്റഗ്രാം വഴി താൻ പരിചയപ്പെട്ട വരിക്കോളി സ്വദേശിനിയെ കാണാൻ എത്തിയതിനിടയിലാണ് കാർ കനാൽ റോഡിൽ അപകടത്തിൽ പെട്ടതെന്നും സമീഷ് മൊഴി നൽകി. കാർ പിറകോട്ടെടുക്കുന്നതിനിടയിൽ ശ്രീജിത്തിന്റെ ദേഹത്തു കൂടി കയറി ഇറങ്ങുകയായിരുന്നു. വഴി യാത്രക്കാരിൽ പലരും ‍ചോദ്യം ചെയ്തു തുടങ്ങിയതോടെ സ്ഥലത്തു നിന്നു മുങ്ങിയതാണെന്നാണു സമീഷ് പൊലീസിനോടു പറഞ്ഞത്.

ശ്രീജിത്തിനെ നാട്ടുകാരാണ് വടകര ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഞായറാഴ്ച രാവിലെ മരിച്ചു. സമീഷിന്റെ പരിചയക്കാരിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴും ഇതേ മൊഴിയാണ് നൽകിയത്. ശ്രീജിത്തിനു പരുക്കേറ്റ ഉടൻ ഈ യുവതിയെ വിളിച്ചു സമീഷ് സഹായം തേടിയിരുന്നു. ഇവരുടെ വീട്ടിലാണ് സമീഷ് രാത്രി ഒളിവിൽ കഴിഞ്ഞത്. ബോധപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു ഡിവൈഎസ്പി വി.വി.ലതീഷ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com