മെസ്സിയോടു കുശലം, എംബപെയ്ക്കൊപ്പം ഫോട്ടോ; സ്വപ്ന നിമിഷങ്ങളുമായി ആസിം
Mail This Article
കൊടുവള്ളി∙ സാക്ഷാൽ ലയണൽ മെസ്സിയും എംബപെയും അടുത്തു വന്ന് കുശലം ചോദിക്കുന്നു, ഒപ്പം നിന്നു ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു...ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ രാവിൽ സംഭവിച്ചതെല്ലാം ഒരു മനോഹര സ്വപ്നം പോലെയാണു തോന്നുന്നതെന്ന് ആസിം വെളിമണ്ണയെന്ന കൊടുവള്ളി സ്വദേശി പറയുന്നു.
കൈകളില്ലാതെ ജനിച്ച് 90 ശതമാനം അംഗപരിമിതനായി ജീവിക്കുന്ന ആസിം, ഖത്തറിൽ വ്യവസായിയായ കണ്ണൂർ സ്വദേശി വി.മുഹമ്മദ് മുക്താറിന്റെ അതിഥിയായാണു ലോകകപ്പ് കാണാൻ പോയത്. ലൂസേഴ്സ് ഫൈനലിൽ മെറോക്കൻ കളിക്കാരെ അനുഗമിച്ച് മൈതാനത്തിറങ്ങാൻ അവസരം ലഭിച്ചിരുന്നു.
എന്നാൽ ഫൈനൽ മത്സരം നേരിൽ കാണാനാകുമെന്നു പോലും കരുതിയതല്ല–ആസിം മനോരമയോടു പറഞ്ഞു. മത്സരത്തിന് 3 മണിക്കൂർ മുൻപാണു ഫോൺ വന്നത്, സ്റ്റേഡിയത്തിലേക്കെത്താൻ വാഹനവും അയച്ചു. സ്റ്റേഡിയത്തിൽ, ഭിന്നശേഷിക്കാർക്കായി പ്രത്യേകം ഒരുക്കിയ ഭാഗത്ത് കളിക്കാർക്കൊപ്പം മൈതാനത്തേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്നു.
ആദ്യം വന്നത് എംബപെയാണ്. പിന്നെ മെസ്സിയും അടുത്തെത്തി പുഞ്ചിരിച്ചു ഫോട്ടോയ്ക്കു പോസ് ചെയ്തു. ഖത്തർ അധികൃതരാണ് ഈ പ്രത്യേക അവസരം ഒരുക്കിയത്. ലോകകപ്പ് ഉദ്ഘാടന വേദിയിൽ തിളങ്ങിയ ഭിന്നശേഷിക്കാരനായ ഖത്തർ പൗരൻ ഗാനിം മുഫ്തയെ സന്ദർശിക്കാനും ആസിമിന് അവസരം ലഭിച്ചിരുന്നു.
ആസിം വെളിമണ്ണ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ഖത്തർ അധികൃതരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും ആസിമിന്റെ യാത്രയ്ക്കു പിന്നിലുണ്ട്.