ADVERTISEMENT

നാദാപുരം∙  2 ദിവസമായി ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്ന പെരുംതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചതോടെ വിലങ്ങാട്, പാനോം, വാളൂക്ക്  മേഖലയിലെയും പരിസരങ്ങളിലെയും ജനങ്ങൾ ഭീതിയിൽ. കാവിലുമ്പാറയിൽ നിന്ന് പാനോത്ത് എത്തി സ്ഥിര താമസമാക്കിയ പുത്തൻ വീട്ടിൽ സുദേവൻ (63) ആണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റു മരിച്ചത്. കുരുമുളക് പറിക്കാൻ എത്തിയതായിരുന്നു സുദേവൻ. തേനീച്ചകൾ കൂട്ടമായി കുത്തിയപ്പോൾ റോഡ് ലക്ഷ്യമാക്കി ഓടിയ സുദേവൻ വഴിയിൽ വീണാണു മരിച്ചത്. രാവിലെ എട്ടരയോടെ കൃഷി സ്ഥലത്തെത്തിയതാണു സുദേവൻ. 

ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരിച്ചു കിടക്കുന്നത് കണ്ടത്. മുഖത്തും മറ്റും തേനീച്ചകളുടെ കുത്തേറ്റിരുന്നു. വളയം പൊലീസ് ഇൻസ്പെക്ടർ എ.രഞ്ജിത്ത്, എസ്ഐ ഇ.കുട്ടിക്കൃഷ്ണൻ, എഎസ്ഐ കെ.മുഹമ്മദലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നാട്ടുകാരും എത്തിയാണ് മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റാനുള്ള ക്രമീകരണം ചെയ്തത്. 

ഇന്നു പോസ്റ്റുമോർട്ടം നടത്തും.  മഞ്ചികപ്പള്ളി വിമൽ മാത്യു, കൃഷ്ണൻ കുട്ടി പാനോം, വട്ടക്കുന്നേൽ ജോർജ് തുടങ്ങിയവർക്കും തേനീച്ചയുടെ കുത്തേറ്റു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി. കാട്ടാനയും കാട്ടു പന്നികളും വിലങ്ങാട്ടും പരിസരങ്ങളിലും വിള നശിപ്പിക്കുകയും കർഷകർക്ക് ഭീഷണിയാവുകയും ചെയ്തതിനു പിന്നാലെയാണ് തേനീച്ചക്കൂട്ടത്തിന്റെ പരാക്രമവും നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്.

കുട്ടികൾ അടക്കമുള്ളവരെ പുറത്തിറക്കാതിരിക്കുകയാണ് രക്ഷിതാക്കൾ. ദുർഘടമായ വഴിയിൽ കൂടി വേണം തേനീച്ചകൾ കൂട്ടു കൂടിയ സ്ഥലത്തെത്താൻ. അവിടെയെത്തിയാലും അവയെ നശിപ്പിക്കാൻ പെട്ടൊന്നൊന്നും കഴിയാത്ത സ്ഥിതിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com