ADVERTISEMENT

കോഴിക്കോട്∙ മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല (ബഫർസോൺ) നിശ്ചയിക്കുന്നതിനായി നേരിട്ടു സ്ഥലപരിശോധന നടത്തിയപ്പോൾ  ജില്ലയിൽ ബഫർ സോണിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ എണ്ണം നാലിരട്ടിയായി. ഉപഗ്രഹ സർവേ റിപ്പോർട്ട് അനുസരിച്ച് വീടുകളും സ്ഥാപനങ്ങളുമായി ആയിരത്തോളം  നിർമിതികളാണ് ജില്ലയിൽ ബഫർ സോണിൽ ഉൾപ്പെട്ടിരുന്നത്.എന്നാൽ നേരിട്ടുള്ള സ്ഥലപരിശോധന പൂർത്തിയായപ്പോൾ നിർമിതികളുടെ എണ്ണം 3922 ആയി.

ഉപഗ്രഹ സർവേ  റിപ്പോർട്ട് അശാസ്ത്രീയമാണെന്ന ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ നടത്തിയ ഫീൽഡ് സർവേയിലെ കണ്ടെത്തൽ. പത്തു വർഷമെങ്കിലും മുൻപുള്ള കെട്ടിടങ്ങളുടെ എണ്ണമാണ് ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉള്ളതെന്നു കർഷകർ പറയുന്നു. ഉപഗ്രഹ സർവേ ഭൂപടത്തിൽ ചക്കിട്ടപാറ പഞ്ചായത്തിൽ അറുന്നൂറോളം നിർമിതികളും കൂരാച്ചുണ്ട് പ‍ഞ്ചായത്തിൽ ഇരുന്നൂറോളം നിർമിതികളുമാണ് രേഖപ്പെടുത്തിയിരുന്നത്.

എന്നാൽ ഫീൽഡ് സർവേയിൽ ചക്കിട്ടപാറ പഞ്ചായത്തിൽ 2966 നിർമിതികളും  കൂരാച്ചുണ്ടിൽ 650 നിർമിതികളും ബഫർസോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തി. മരുതോങ്കര പ‍ഞ്ചായത്തിൽ  നിർമിതികളുടെ എണ്ണം 34 ൽ നിന്ന് 94 ആയും ചങ്ങരോത്ത് പഞ്ചായത്തിൽ  164 ൽ നിന്ന് 212 ആയും വർധിച്ചു. ഉപഗ്രഹ സർവേയിൽ ബഫർ സോണിൽ ഉൾപ്പെട്ടിരുന്ന കൂത്താളി പഞ്ചായത്ത് വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ വരില്ലെന്നു ഫീൽഡ് സർവേയിൽ കണ്ടെത്തി.

പഞ്ചായത്ത്, വനം, റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഫീൽഡ് സർവേ നടത്തിയത്.  വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ നിന്നു ഒരു കിലോമീറ്റർ വായുദൂരം യുടിഎം ജിയോ മാപ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കണ്ടെത്തിയ ശേഷം  ഇതിനുള്ളിൽ വരുന്ന  നിർമിതികളുടെ എണ്ണം  കേരള റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) അസറ്റ് മാപ്പർ എന്ന ആപ്  അപ്‌ലോഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com