ADVERTISEMENT

കോഴിക്കോട്∙ പെൻഷൻകാരെ അവഗണിക്കുകയും കബളിപ്പിക്കുകയും ചെയ്യുന്ന ഇടതു സർക്കാർ നയം തിരുത്തണമെന്നും പെൻഷൻകാർക്കു ലഭിക്കാനുള്ള ക്ഷാമാശ്വാസ ഗഡുക്കളും പെൻഷൻ പരിഷ്‌കരണ കുടിശികയും ഉടൻ നൽകണമെന്നും മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.    കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) 38ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പെൻഷൻ പരിഷ്കരണ കുടിശിക തിരഞ്ഞെടുപ്പു കഴിഞ്ഞാലുടനെ വിതരണം ചെയ്യുമെന്നു പറഞ്ഞിട്ട് ഇതുവരെ തുടർപ്രവർത്തനം നടന്നില്ല. ഇതുവഴി പെൻഷൻകാർ ഓരോരുത്തർക്കും 1,000 രൂപ മുതൽ 10,000 രൂപ വരെ ഇതുവരെ നഷ്ടം ഉണ്ടായിട്ടുണ്ട്.ആറു വർഷമായി പെൻഷൻകാരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഏക സംഘടന കെഎസ്എസ്പിഎ ആണെന്നിരിക്കെ കോൺഗ്രസ് ഭാരവാഹികളും അനുഭാവികളും വേറെ സംഘടനകളിൽ ആയിരിക്കുന്നതിനു ന്യായമില്ല. പാർട്ടി ഭാരവാഹികളായി നിൽക്കുന്ന എല്ലാവരും ഈ സംഘടനയിൽ വരണം എന്ന നിർദേശം സർക്കുലറായി ഇറക്കുമെന്നും ഇതിനായി കെപിസിസി പ്രസിഡന്റുമായി ഉടനെ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഡിസിസി ജില്ലാ പ്രസിഡന്റ് കെ.പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, പി.എം.അബ്ദുറഹ്മാൻ, എം.പി.വേലായുധൻ, സി.ആർ.രാജൻ ഗുരുക്കൾ, എം.രാജൻ, കെ.സി.ഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ആർ.കുറുപ്പ് അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ്, ഡി.പരമേശ്വരൻ നായർ, ടി.വി.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. വനിതാ സമ്മേളനം കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. എ.നസീം ബീവി അധ്യക്ഷത വഹിച്ചു, ടി.വനജ, നദീറ സുരേഷ്, ടി.എസ്.രാധാമണി, ഗിരിജ ജോജി, എ.ശ്രീമതി എന്നിവർ പ്രസംഗിച്ചു. 

വൈകിട്ടു നടന്ന സാംസ്കാരിക സമ്മേളനം കെ.പിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. യു.കെ.കുമാരൻ, വി.മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഇന്നു നടക്കുന്ന സമര പ്രഖ്യാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യും.

‘സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു’

സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്ന അവസ്ഥയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിലക്കയറ്റം, വന്യമൃഗശല്യം, പെൻഷൻ കുടിശിക, കാർഷിക മേഖലയിലെ ദുരിതം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഒന്നിലും പരിഹാരം കാണാതെ സർക്കാർ മുന്നോട്ടു പോകുകയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അനാവശ്യ ചെലവും ദുർവ്യയവുമാണ് നടക്കുന്നത്. നികുതി പിരിച്ചെടുക്കുന്നുമില്ല. സംസ്ഥാനത്ത് ധനകാര്യ വകുപ്പിനു ഒരു റോളും ഇല്ല. പല പദ്ധതികളും ധനകാര്യ വകുപ്പിൽ പോകാതെ കാബിനറ്റിൽ എത്തിച്ച് പാസാക്കിയെടുക്കുകയാണ്. 

ഇതിനു പിന്നിൽ പല താൽപര്യവുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ജിഎസ്ടി വന്നാൽ 30% നികുതി വർധന ഉണ്ടാകുമെന്നു പറഞ്ഞു. 10% പോലും ഉണ്ടായില്ല. 90% സംസ്ഥാനങ്ങളിലും വാറ്റ് മാറി ജിഎസ്ടി ആയപ്പോൾ കേരളത്തിൽ ഇപ്പോഴും വാറ്റിലുള്ള നിയമ വ്യവസ്ഥയാണ് ജിഎസ്ടിയിലുള്ളത്. ഇതു തമ്മിൽ ബന്ധമില്ലാത്തതിനാൽ നികുതി പിരിക്കാൻ കഴിയുന്നില്ല. ഈ സ്ഥിതി സർക്കാർ തന്നെ ഉണ്ടാക്കിവച്ചതാണ്.

കോവിഡ് കാലത്ത് 1,032 കോടി രൂപയുടെ പർച്ചേസ് നടത്തി. 450 രൂപയുടെ പിപി കിറ്റ് വാങ്ങിയത് 1,550 രൂപയ്ക്ക്. 7 രൂപയുടെ ഗ്ലൗസ് കോടിക്കണക്കിന് 12 രൂപയ്ക്ക് വാങ്ങി. 2,000 രൂപയുടെ തെർമോമീറ്റർ 4,500 രൂപയ്ക്കു വാങ്ങിച്ചു. ധനകാര്യ വകുപ്പ് ഒന്നും അറിഞ്ഞില്ല. കോടികളുടെ അഴിമതിയാണു നടന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com