ADVERTISEMENT

നാദാപുരം∙ അഞ്ചാംപനി ബാധിതരുടെ എണ്ണം കൂടുന്ന  നാദാപുരം 7ാം വാർഡിലെ ചിയ്യൂരിൽ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ തയാറാകാത്തവരെ സഹകരിപ്പിക്കുന്നതിനായി ഗൃഹവലയം തീർത്തു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കാളികളായി.വാക്സീൻ എടുക്കാത്ത കുട്ടികളുള്ള വീടുകൾക്കു സമീപമാണ് വലയം തീർത്തത്. 

വസൂരി, പോളിയോ എന്നിവയുടെ നിർമാർജനത്തിനു ശേഷം 1960ൽ ആരംഭിച്ച അഞ്ചാംപനിക്കെതിരെയുള്ള എംആർ വാക്സീൻ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ 95% കുട്ടികൾക്ക് നൽകിയിട്ടുള്ളതാണെന്നും ഇത് പാർശ്വ ഫലം  ഉണ്ടാക്കുന്നില്ലെന്നും വാക്സീന്റെ സുരക്ഷിതത്വം പൂർണമായും സർക്കാർ  ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ഗൃഹവലയത്തിൽ പങ്കെടുത്തവർ വീട്ടുകാരോട്‌ ഉച്ചത്തിൽ പറഞ്ഞു. വാക്സീൻ എടുക്കാത്തവരുടെ മുഴുവൻ വീടുകളിലും ആരോഗ്യ പ്രവർത്തകർ  സന്ദർശനവും നടത്തി. 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി.കെ.നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.എം.ജമീല, സ്ഥിരം സമിതി അധ്യക്ഷൻ എം.സി.സുബൈർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ കല്ലേരി, കെ.സതീഷ് ബാബു, മെംബർമാരായ റീന കിണമ്പ്രമൽ, ആയിഷ ഗഫൂർ, സുനിത എടവത്ത്കണ്ടി എന്നിവർ പ്രസംഗിച്ചു.

അഞ്ചാംപനി ഒരാൾക്കു കൂടി

നാദാപുരം∙ പഞ്ചായത്തിൽ അഞ്ചാംപനി ബാധിതരുടെ എണ്ണം 33 ആയി. ഏഴാം വാർഡിലാണ് ഇന്നും ഒരാൾ രോഗബാധിതനായത്. ഇന്നലെ 32 പേർക്കായിരുന്നു രോഗബാധ.

വിദേശത്ത് ഉള്ളവർക്ക്  ഓൺലൈൻ വഴി ബോധവൽക്കരണം

നാദാപുരം∙ അഞ്ചാംപനിക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന വീടുകളിൽ ഏറെ പേരും ഭർത്താവ് ഗൾഫിൽ ആയതിനാൽ അവരുടെ സമ്മതമില്ലാതെ കുട്ടികൾക്ക് കുത്തിവയ്പ് എടുക്കില്ലെന്നു നിലപാട് എടുത്തപ്പോൾ വിദേശ രാജ്യങ്ങളിൽ കഴിയുന്നവരോട് രോഗപ്രതിരോധത്തിന്റെ പ്രാധാന്യം ഓൺലൈൻ വഴി ബോധ്യപ്പെടുത്താൻ പഞ്ചായത്ത് അധികൃതർ ശ്രമം തുടങ്ങി. 

സ്വന്തം കുട്ടികൾക്ക് രോഗം ബാധിക്കുന്നതു മാത്രമല്ല പ്രശ്നമെന്നും അയൽവാസികളിലും നാട്ടുകാരിലുമെല്ലാം രോഗം വ്യാപിക്കാൻ സാഹചര്യമുണ്ടാകുമെന്നുമാണ് ബോധവൽക്കരണം നടത്തുന്നത്. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദിന്റെയും വൈസ് പ്രസിഡന്റ് അഖില മര്യാട്ടിന്റെയും നേതൃത്വത്തിലാണ് ഓൺലൈൻ വഴിയുള്ള ബോധവൽക്കരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com