കോഴിക്കോട് ∙ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ആശയവുമായി തീവ്രചലന പരിമിതിക്കാരായ വിദ്യാർഥികൾക്കും മറ്റു രോഗങ്ങളാൽ വിദ്യാലയത്തിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികൾക്കും വെർച്വൽ ക്ലാസ്സ് റൂം ഒരുക്കാൻ സമഗ്രശിക്ഷ കേരള. വിദ്യാലയത്തിൽ എത്താൻ സാധിക്കാത്ത 8427 കുട്ടികളാണ് ഇപ്പോഴുള്ളത്. ഒന്നാംഘട്ടത്തിൽ 336 കുട്ടികൾക്കാണ് വെർച്വൽ ക്ലാസ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
സാധാരണ സ്കൂളിൽ പോകുന്ന കുട്ടിക്ക് ഒരാഴ്ച 25 മണിക്കൂർ പഠന പിന്തുണ ലഭിക്കുമ്പോൾ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടിക്ക് ഒരാഴ്ചയിൽ കിട്ടുന്നത് രണ്ടോ മൂന്നോ മണിക്കൂറാണ്. ഇത് പഠന വിടവിന്റെ പ്രധാന കാരണമായും മാറുന്നു. ഈ പ്രശ്നം മറികടക്കാനും വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് തത്സമയം ക്ലാസ്സുകൾ കാണാനും ക്ലാസ്സിലെ മറ്റ് ഏത് കുട്ടിയെയും പോലെ സംശയങ്ങൾ അധ്യാപകരോട് ചോദിക്കാനും കൂട്ടുകാരുമായി ആശയവിനിമയം നടത്താനും സാഹചര്യം ഒരുക്കുന്നതാണ് വെർച്ചൽ ക്ലാസ് റൂമുകളെന്ന് സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഷൂജ എസ്.വൈ. പറഞ്ഞു.
ക്ലാസ് റൂമിൽ 360 ഡിഗ്രി ക്യാമറയും അനുബന്ധ സാമഗ്രികളും സജ്ജീകരിക്കുന്നതോടൊപ്പം കുട്ടിയുടെ വീട്ടിൽ നെറ്റ് സൗകര്യത്തോടെ ടാബും സജ്ജീകരിക്കുന്നു. ശേഷം ടൈം ടേബിൾ പ്രകാരം കുട്ടിക്ക് വീട്ടിലിരുന്ന് ക്ലാസ് പ്രവർത്തനങ്ങളിൽ ഇടപെടാവുന്നതാണ്.
സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം മാത്രം പോരായെന്ന തിരിച്ചറിവിൽ നിന്നാണ് കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബിആർസി ഈ ഒരു സംവിധാനത്തെ പറ്റി ആദ്യമായി ആലോചിച്ചത്. 2018ൽ കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്തിലെ കെപിഎച്ച്എസ് കായക്കൊടി സ്കൂളിലാണ് ഈ പദ്ധതി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യമായി നടപ്പിലാക്കിയത്.
കമ്പൈൻഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി എന്ന അസുഖത്താൽ പ്രതിരോധ ശേഷിയില്ലാത്തത് കാരണം സ്കൂളിലെത്താൻ കഴിയാത്ത വിദ്യാർഥിക്കായിരുന്നു പദ്ധതി നടപ്പിലാക്കിയത്. സ്കൂളിന്റെ അന്നത്തെ പ്രധാന അധ്യാപികയായിരുന്ന കമല ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ ക്ലാസ് നൽകിയതോടെ 60 ശതമാനത്തിലധികം മാർക്കോടെ എസ്എസ്എൽസിയും പ്ലസ്ടുവും ഈ വിദ്യാർഥി പൂർത്തിയാക്കി. പദ്ധതി വിജയിച്ചതോടെ നരിപ്പറ്റ പഞ്ചായത്തിലെ ആർഎൻഎം ഹൈസ്കൂളിലെ സെറിബൽ പാഴ്സി ബാധിച്ച ഒരു വിദ്യാർഥിക്കും ചീക്കോന്ന് യുപി സ്കൂളിലെ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച മറ്റൊരു വിദ്യാർഥിക്കും ഈ പദ്ധതി സന്നദ്ധസംഘടനകളുടെ സഹായത്തോടെ നടത്തി വിജയിപ്പിച്ചു. തുടർന്ന് ക്ലാസ് റൂമിന്റെ പ്രവർത്തനങ്ങൾ സമഗ്രശിക്ഷ കോഴിക്കോട് ഏറ്റെടുത്തു.