കോഴിക്കോട്∙ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയോടുള്ള കൂറും ആദരവും പുലർത്തുക എന്നതാണ് പൗരധർമമെന്നും മന്ത്രി പറഞ്ഞു.
പൊലീസ്, അഗ്നിരക്ഷാ സേന, ഫോറസ്റ്റ്, എൻസിസി, എൻഎസ്‌എസ്, എസ്‌പിസി ഉൾപ്പെടെ 27 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. മികച്ച പരേഡിനുള്ള ട്രോഫി സിറ്റി പൊലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിനും മാവൂർ ജിഎച്ച്എസ്എസിലെ വിദ്യാർഥികൾക്കും മന്ത്രി കൈമാറി. തുടർന്ന് വിദ്യാർഥികൾ ദേശഭക്തി ഗാനം ആലപിച്ചു.
സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ബാൻഡ് മേളം അവതരിപ്പിച്ചു.മേയർ ബീന ഫിലിപ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, എഡിഎം സി.മുഹമ്മദ് റഫീഖ്, സിറ്റി ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ, റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി, സ്വാതന്ത്ര്യ സമര സേനാനികൾ തുടങ്ങിയവർ പങ്കെടുത്തു.