ADVERTISEMENT

ബാലുശ്ശേരി ∙ കിനാലൂരിൽ കെഎസ്‍ഐഡിസിയുടെ പദ്ധതി പ്രദേശത്തു നിന്ന് വെള്ളം ഒഴുക്കിവിട്ട് ജനവാസ കേന്ദ്രങ്ങളിൽ പ്രളയം സൃഷ്ടിക്കുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് ജനം രംഗത്ത്.ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെതിരെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് കെഎഎസ്ഐഡിസി ഇപ്പോൾ നടത്തുന്ന പ്രവൃത്തി മഴക്കാലത്ത് പ്രദേശത്ത് വലിയ ദുരിതം വിതയ്ക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. 

കഴിഞ്ഞ കാലവർഷത്തിൽ കെഎസ്ഐഡിസി ഭൂമിയിലൂടെ മലവെള്ളം കുത്തിയൊലിച്ചെത്തി പുത്തലത്ത് പൊയിൽ പ്രദേശത്ത് വീടുകൾ വെള്ളത്തിലായിരുന്നു. നാൽപതോളം കുടുംബങ്ങളാണ് ഈ ഭാഗത്തുള്ളത്.2012ൽ നാട്ടുകാരുടെ ദുരിതം മനസ്സിലാക്കിയ പനങ്ങാട് പഞ്ചായത്ത് കെഎസ്ഐഡിസിയുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനുള്ള തീരുമാനങ്ങൾ എടുത്തെങ്കിലും അവ പൂർണമായി നടപ്പായില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കെഎസ്ഐഡിസി പ്രദേശത്തിനു പുറമേ മലമുകളിൽ നിന്നടക്കം ഒലിച്ചെത്തുന്ന വെള്ളം സംഭരിച്ച് തീവ്രത കുറച്ച് താഴ് ഭാഗത്തേക്ക് ഒഴുക്കി വിടുന്നതിനായി കുളം നിർമിച്ചിരുന്നു. 

എന്നാൽ ഇപ്പോൾ കുളത്തിന്റെ നിരപ്പിൽ നിന്ന് താഴ്ന്ന നിലയിൽ റോഡ് നവീകരണം ആരംഭിച്ചതും നാട്ടുകാരുടെ പരാതികളോട് അധികൃതർ കാണിക്കുന്ന നിഷേധാത്മക നിലപാടുകളുമാണ് പ്രക്ഷോഭത്തിനു കാരണം. ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം ഒഴുക്കി വിടുന്ന പ്രവൃത്തി അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.പ്രതിഷേധത്തിന് റംല വെട്ടത്ത്, പി.സുരേഷ് സി.പി.ഫൈസൽ, ഷാനവാസ് കുറുമ്പൊയിൽ, ടി.വി.പ്രജീഷ്, ഇ.മധുസൂദനൻ, സി.പി.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com