നാദാപുരം∙ കുറുക്കന്റെ മാളത്തിലേക്കു കോഴിയെ ക്ഷണിക്കുന്നതു പോലെ മാത്രമേ മുസ്‌ലിം ലീഗിനെ സിപിഎം പക്ഷത്തേക്കു ക്ഷണിക്കുന്നതിനെ കാണാൻ കഴിയൂ എന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ എംഎൽഎ. നരേന്ദ്ര മോദി നടത്തുന്നതിന്റെ ഇരട്ടി വർഗീയതയാണു പിണറായിയും സിപിഎമ്മും കേരളത്തിൽ നടത്തുന്നതെന്നും നാദാപുരം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പുറത്തിറക്കിയ നാദാപുരത്തെ രാഷ്ട്രീയ ചരിത്ര ഗ്രന്ഥം ‘സാക്ഷി’ പ്രകാശനം ചെയ്തു മുനീർ പറഞ്ഞു.
ചന്ദ്രിക കോഴിക്കോട് ലേഖകൻ കായക്കൊടിയിലെ പി.അബ്ദുൽ ലത്തീഫ് തയാറാക്കിയ ഗ്രന്ഥത്തിൽ ലീഗ് നേതാക്കളുടെയും രക്തസാക്ഷികളുടെയും ചരിത്രവും ലീഗ് നടത്തിയ പോരാട്ടങ്ങളുടെ വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. എം.പി.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.പി.അബ്ദുല്ല ഹാജി ആദ്യ കോപ്പി സ്വീകരിച്ചു. മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. എം.സി.വടകര പുസ്തക പരിചയം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കെ.കെ.നവാസ്, സൂപ്പി നരിക്കാട്ടേരി, എൻ.കെ.മൂസ, എം.പി.ജാഫർ, മുഹ്സിൻ വളപ്പിൽ എന്നിവർ പ്രസംഗിച്ചു.