വടകര ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇരുവശത്തുമുള്ള വീട്ടുകാരും കെട്ടിടം ഉടമകളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെ.മുരളീധരൻ എംപി, കെ.കെ.രമ എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ മൂരാട് മുതൽ കണ്ണൂക്കര വരെ സന്ദർശനം നടത്തി. പലയിടത്തും അടിപ്പാതയില്ലാത്ത പ്രശ്നമാണ് ജനങ്ങൾ ഉന്നയിച്ചത്.
മൂരാട് മുതൽ കരിമ്പനപ്പാലം വരെ ഇക്കാര്യം ഉന്നയിച്ച് ജനങ്ങൾ സമരത്തിലാണ്. ചോറോട്, വടകര നഗരം എന്നിവിടങ്ങളിൽ അശാസ്ത്രീയമായ ഓവുചാൽ നിർമാണം ഉയർത്തുന്ന പ്രശ്നങ്ങളും ജനങ്ങൾ ചൂണ്ടിക്കാട്ടി. അടിപ്പാത സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ വീണ്ടും ദേശീയപാത അതോറിറ്റിയെ അറിയിക്കാമെന്ന് ഉറപ്പ് നൽകി. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന തരത്തിൽ നിർമാണം നടത്തില്ലെന്ന് സ്ഥലത്തെത്തിയ എൻഎച്ച് അതോറിറ്റി അധികൃതർ അറിയിച്ചു.