കോഴിക്കോട്∙ 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു വിരാമമിട്ട് മാനാഞ്ചിറ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ യാത്രയയപ്പിന് എത്തിയവരോട് കെ.കെ. ബാലകൃഷ്ണൻ ഒന്നേ പറഞ്ഞൂള്ളൂ: ‘ഒരു വായനക്കാരനായി ഞാൻ ഇനിയും പബ്ലിക് ലൈബ്രറിയിലേക്കു വരും.’
സംസ്ഥാന ലൈബ്രറി കൗൺസിലിൽ സ്ഥിരം തസ്തികയിലുള്ള അവസാന ലൈബ്രേറിയനായിരുന്നു കണ്ണൂർ പാനൂർ സ്വദേശിയായ ബാലകൃഷ്ണൻ. 1994ലാണ് ലൈബ്രേറിയനായി സ്ഥിരം ജോലിയിൽ കയറിയത്. ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ കീഴിലായിരുന്നു മുൻപ് മലബാറിലെ ലൈബ്രറികൾ പ്രവർത്തിച്ചിരുന്നത്. 1948-ൽ മദ്രാസ് പബ്ലിക് ലൈബ്രറീസ് ആക്ടിനുകീഴിലായ അവയുടെ ആസ്ഥാനം കോഴിക്കോട്ടെ ജില്ലാ ലൈബ്രറിയായിരുന്നു.
1994-ൽ ലോക്കൽ അതോറിറ്റിയുടെ ലൈബ്രറികൾ ലൈബ്രറി കൗൺസിൽ ഏറ്റെടുത്തു. അക്കാലത്താണ് ബാലകൃഷ്ണൻ ആദ്യം കണ്ണൂരും പിന്നീട് കോഴിക്കോട്ടും നിയമിതനായത്. കെ.കെ. ബാലകൃഷ്ണന്റെ കാലത്താണ് കോഴിക്കോട് ജില്ലാ സെൻട്രൽ ലൈബ്രറിയും കോഴിക്കോട് പബ്ലിക് ലൈബ്രറിയും ലയിപ്പിച്ചത്. മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ അവസാനത്തെ ലൈബ്രേറിയൻ കൂടിയാണ് ബാലകൃഷ്ണൻ.
ലൈബ്രേറിയൻ നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള തീരുമാനം സാങ്കേതിക തടസ്സങ്ങൾ കാരണം വൈകുന്നതിനാൽ ഇപ്പോൾ ലൈബ്രറി കൗൺസിലിനു കീഴിലെ ലൈബ്രറികളിൽ താൽക്കാലിക ലൈബ്രേറിയൻമാരേയുള്ളു. ഔദ്യോഗിക ജീവിതത്തിന്റെ അവസാനദിവസമായ ഇന്നലെ ലൈബ്രറി പ്രസിഡന്റ് ഡോ.കെ.ദിനേശന്റെയും ലൈബ്രറി ജീവനക്കാരുടെയും നേതൃത്വത്തിൽ ബാലകൃഷ്ണന് യാത്രയയപ്പ് ഒരുക്കി. പബ്ലിക് ലൈബ്രറിയിലെ റഫറൻസ് വിഭാഗത്തിൽ വരുന്ന സ്ഥിരം വായനക്കാരും സമ്മാനവുമായി എത്തിയിരുന്നു.