ADVERTISEMENT

കോഴിക്കോട് ∙ ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തിയത്. 

സിറ്റി പരിധിയിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ പെട്ട 69 പേരും ജാമ്യമില്ലാ വാറന്റ് ഉള്ള 18 പേരെയും പിടികിട്ടാപ്പുള്ളികളായ 3 പേരെയും പിടികൂടി. നിലവിൽ പൊലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലെ 7 പ്രതികളെയും പിടികൂടിയിട്ടുണ്ട്. പൂവാട്ടുപറമ്പിലെ ബൈക്ക് കത്തിച്ച കേസിലെ പ്രതി, മാറാട് യുവാവിനെ ആക്രമിച്ച കേസിലെ 3 പ്രതികൾ, കുതിരവട്ടത്തെ കത്തിക്കുത്ത് കേസിലെ പ്രതി ഉൾപ്പെടെ 7 പേരെയാണ് പ്രത്യേക പരിശോധനയുടെ ഭാഗമായി പൊലീസ് പിടികൂടിയത്. 

Also read: കായൽ കവർന്നെടുത്തു,ആലോകിനെ, നാടിന്റെ നൊമ്പരമായി സന ഫാത്തിമ; ആഘാതത്തിൽ നിന്നു മോചിതരാകാതെ ഉറ്റവർ

കോഴിക്കോട് റൂറലിൽ പൊലീസിന്റെ ഗുണ്ടാപ്പട്ടികയിൽ പെട്ട 147 പേരെയും ജാമ്യമില്ലാ വാറന്റ് ഉള്ള 26 പേരെയും 13 പിടികിട്ടാപ്പുള്ളികളെയുമാണ് പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേസുകളിൽ ഉൾപ്പെട്ടവരെ കോടതികളിൽ ഹാജരാക്കുകയും മറ്റുള്ളവരെ വിവരം ശേഖരിച്ച ശേഷം കരുതൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുമെന്നും പൊലീസ് അറിയിച്ചു.

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക പൊലീസ് തയാറാക്കിയിട്ടുണ്ടെന്നും ഇവർ സ്ഥിരമായ നിരീക്ഷണത്തിലാണെന്നും കമ്മിഷണർ രാജ്പാൽ മീണ പറഞ്ഞു. കമ്മിഷണറുടെ മേൽനോട്ടത്തിൽ ഡിസിപി കെ.ഇ.ബൈജു, എസിപിമാരായ കെ.സുദർശൻ, പി.ബിജുരാജ്, എ.എം.സിദ്ദീഖ്, എ.ഉമേഷ് എന്നിവരുടെ

നേതൃത്വത്തിലായിരുന്നു സിറ്റിയിലെ പരിശോധന. കോഴിക്കോട് റൂറലിൽ ജില്ലാ പൊലീസ് മേധാവി ആർ.കറപ്പസ്വാമിയുടെ മേൽനോട്ടത്തിൽ നടന്ന പരിശോധനയ്ക്ക് ഡിവൈഎസ്പിമാരായ ആർ.ഹരിപ്രസാദ്, വി.വി.ലതീഷ്, എം.സി.കു‍ഞ്ഞിമോയിൻകുട്ടി, ടി.കെ.അഷ്റഫ്, ജി.ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com