ADVERTISEMENT

കുറ്റ്യാടി∙ ഗവ. താലൂക്ക് ആശുപത്രിയിൽ രാവിലെ ചികിത്സ തേടി എത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് എടുക്കാൻ മണിക്കൂറുകൾ വരിനിൽക്കേണ്ടി വന്നു. ഇടയ്ക്കിടെയുണ്ടായ വൈദ്യുതി മുടക്കവും ആശുപത്രിയിലെ ജനറേറ്റർ കേടായതുമാണ് കാരണം. രാവിലെ കൈക്കു‍ഞ്ഞുങ്ങളുമായി എത്തിയ അമ്മമാർ ഉൾപ്പെടെയുള്ള രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നത് പ്രതിഷേധത്തിന് ഇടയാക്കി. ഓരോ ദിവസവും ആയിരത്തിലേറെ രോഗികളാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. ഇന്നലെ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉള്ള ദിവസമായതിനാൽ കൂടുതൽ രോഗികൾ രാവിലെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു.

ആശുപത്രിയിൽ ഇ ഹെൽത്ത് സംവിധാനം ഏർപ്പെടുത്തിയതിനാൽ ഒപി ചീട്ടിൽ ഫോൺ നമ്പറും മറ്റു വിവരങ്ങളും  രേഖപ്പെടുത്തണം. അതിനാൽ കൂടുതൽ സമയം  ആവശ്യമാണ്. ഇതിനിടെയാണ് വൈദ്യുതി മുടക്കവും ഉണ്ടായത്. 50 ലക്ഷം രൂപ ചെലവിൽ  കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ ജനറേറ്റർ കേടായിട്ട് ദിവസങ്ങളായി. കമ്പനിയിൽ നിന്ന് ടെക്നിഷ്യൻ എത്താത്തതാണ് ജനറേറ്ററിന്റെ തകരാർ പരിഹരിക്കാൻ വൈകിയതെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി അറിയിച്ചു. 

ഇ ഹെൽത്തിന്റെ ഭാഗമായി യുഎച്ച്ഐഡി കാർഡ് എടുത്തവരും കാർഡ് കൊണ്ടുവരാതെയാണ് ഒപി ടിക്കറ്റ് എടുക്കാൻ വരുന്നതെന്നും അധികൃതർ പറയുന്നു. ആശുപത്രിയിലെ ജനറേറ്റർ തകരാർ പരിഹരിക്കുക, ഒപി ടിക്കറ്റ് കൗണ്ടറിൽ കൂടുതൽ പേരെ നിയമിക്കുക എന്നീ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com