നടുവണ്ണൂർ∙ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം പണി പൂർത്തീകരിച്ച വാകയാട്- മൂലാട് റോഡ് വെട്ടിപ്പൊളിച്ച് ജലജീവൻ പദ്ധതി പൈപ്പിടൽ നടത്താനുള്ള തീരുമാനത്തിനെതിരെ പരാതി ഉയർന്നതോടെ ജലസേചന സാങ്കേതിക വിഭാഗവും ജല അതോറിറ്റി വിഭാഗവും ബദൽ മാർഗം തേടി സംയുക്ത പരിശോധന നടത്തി. കുറ്റ്യാടി മെയിൻ കനാലിന്റെ ഒഴിഞ്ഞുകിടക്കുന്ന ഇടതു ഭാഗം പൈപ്പിടുന്നതിന് യോജ്യമാണെന്നു കണ്ടെത്തി.5 വർഷത്തെ ഗ്യാരന്റിയിൽ 6 മാസം മുൻപ് ടാറിങ് പൂർത്തീകരിച്ച നാലര കിലോമീറ്റർ റോഡിന്റെ മധ്യഭാഗം വെട്ടിപ്പൊളിച്ച് പൈപ്പിടാനുള്ള നീക്കത്തിന് എതിരെയാണ് വ്യാപക പ്രതിഷേധം ഉയർന്നത്. ഇക്കാര്യം കാണിച്ച് പൊതുപ്രവർത്തകനായ ഒ.എം.കൃഷ്ണകുമാർ ഇരു വകുപ്പ് ഡിവിഷൻ മേധാവികൾക്കും പരാതി നൽകിയിരുന്നു.
ടാർ ചെയ്ത റോഡ് കുത്തിപ്പൊളിക്കാതെ ജലജീവൻ പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന റിപ്പോർട്ട് ജല അതോറിറ്റി അധികൃതർക്ക് നൽകുമെന്ന് ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ വെളിപ്പെടുത്തി. വാർഡ് മെംബർ സജീവൻ മക്കാട്ട്, ഒ.എം.കൃഷ്ണകുമാർ, റോഡിന്റെ ഗുണഭോക്താക്കൾ അടങ്ങുന്ന പാട്ടുപുരയോരം ഗാർഹിക കൂട്ടായ്മ ഭാരവാഹികളായ രാജൻ മഠത്തിൽ, കെ.ഫരീദ്, ജലസേചന വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കെ.പി. പ്രമിത, ഓവർസീയർ പി.കെ.ലികേഷ്, സി.മഞ്ജുഷ, ജല അതോറിറ്റി ഓവർസീയർ കെ.കെ.റിയാസ്, എം.ശ്രീപ്രിയ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
ഗാർഹിക കൂട്ടായ്മയുടെ നിവേദനം ജലസേചന വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്കു നൽകി.കനാൽ റോഡിന്റെ പടിഞ്ഞാറു ഭാഗം ജപ്പാൻ പദ്ധതിയുടെ വലിയ പൈപ്പുകൾ സ്ഥാപിച്ച ശേഷമാണ് ടാറിങ് പൂർത്തീകരിച്ചത്. ഇതുൾപ്പെടെ ഒട്ടേറെ കടമ്പകൾ കഴിഞ്ഞ് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പണി പൂർത്തീകരിച്ച് റോഡിൽ വാഹനം ഓടാൻ തുടങ്ങിയതോടെ വീണ്ടും കുത്തിപ്പൊളിക്കൽ നാട്ടുകാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറത്താണ്.