ADVERTISEMENT

കോഴിക്കോട്∙ നികുതിവർധനകൾക്കെതിരെ യുഡിഎഫ് ജില്ലാക്കമ്മിറ്റി നടത്തിയ രാപകൽ സമരത്തിൽ വൻ ജനരോഷം. മാനാഞ്ചിറ കിഡ്സൺ കോർണറിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലാണ് ഇന്നലെ വൈകിട്ട് സമരത്തിനു തുടക്കമായത്. സർക്കാരിന്റെ നടപടികളെ പരിഹസിച്ചും ചോദ്യംചെയ്തും പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ സമരം ഉദ്ഘാടനം ചെയ്തു. ഈ സമരം ചെയ്യാൻ വരുമ്പോൾ വീടു പൂട്ടിയിട്ടിട്ടുണ്ടെങ്കിൽ അതിനു നികുതി കൊടുക്കേണ്ട അവസ്ഥയാണ് സംസ്ഥാന ബജറ്റിലുള്ളതെന്ന് സതീശൻ പറഞ്ഞു. ഇരിക്കുന്നതിനും നിൽക്കുന്നതിനും നോക്കുന്നതിനും നികുതി കൊടുക്കേണ്ടിവരുമെന്ന പേടിയിലാണ് ജനങ്ങൾ.

സാധാരണക്കാർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. പെൻഷൻ വീട്ടിൽകൊണ്ടുപോയി കൊടുക്കുന്ന സഹകരണബാങ്ക് ജീവനക്കാരിൽ ഭൂരിഭാഗവും ഡിവൈഎഫ്ഐക്കാരാണ്. ഒരു വീടിന് 50 രൂപ നിരക്കിൽ ഇവർക്കു കൊടുക്കാനുള്ള പ്രതിഫലവും മാസങ്ങളായി കൊടുത്തിട്ടില്ല. അതുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഡിവൈഎഫ്ഐക്കാരടക്കമുള്ളവർ. എന്നാൽ ആ തുക 50 രൂപയിൽനിന്ന് മുൻകാല പ്രാബല്യത്തോടെ 30 രൂപയാക്കി വെട്ടിക്കുറച്ചു. ഡിവൈഎഫ്ഐക്കാർ അടക്കമുള്ളവർക്ക് കിട്ടേണ്ട തുക വെട്ടിക്കുറച്ചെങ്കിലും യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളം മുൻകാലപ്രാബല്യത്തോടെ ഇരട്ടിയാക്കി കൊടുത്തെന്നും സതീശൻ പറഞ്ഞു.

ട്രഷറിയിൽ ഒന്നുമില്ലാത്തതുകൊണ്ട് അവിടെ പട്ടിപെറ്റുകിടക്കുന്ന അവസ്ഥയാണ്. 25 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ പാസാവത്തതിനുകാരണം സർക്കാർ കടക്കെണിയിലായതുകൊണ്ടാണ്. ഭരിക്കാൻ മറന്നുപോയൊരു സർക്കാരാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ കൺവീനർ എം.എ.റസാഖ്, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, ട്രഷറർ പാറയ്ക്കൽ അബ്ദുല്ല, സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, എൻഎസ്‌യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, എഐസിസി അംഗം ഡോ.എം.ഹരിപ്രിയ, എൻ. സുബ്രഹ്മണ്യൻ, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.സി.ചാണ്ടി, സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, സി. വീരാൻകുട്ടി, എൻ.സി അബൂബക്കർ, വി.എം ഉമ്മർ, സത്യൻ കടിയങ്ങാട്, എം.രാജൻ തുടങ്ങിയവർ  പ്രസംഗിച്ചു. പ്രതിഷേധ കലാപരിപാടികളും അരങ്ങേറി. രാപകൽ സമരത്തിന്റെ സമാപനം ഇന്നു രാവിലെ പത്തിന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com