ADVERTISEMENT

കൊടുവള്ളി∙ സൗത്ത് കൊടുവള്ളിയിലെ ആരോഗ്യ കേന്ദ്രം കെട്ടിടം പൊളിച്ചു മാറ്റാനുള്ള നടപടി നീളുന്നു. 30 വർഷം പഴക്കമുള്ള ഈ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ച് പുതിയത് പണിയാൻ തുക അനുവദിച്ചിട്ട് വർഷങ്ങളായി. മുൻ എംഎൽഎ കാരാട്ട് റസാഖിന്റെ ഇടപെടലിനെ തുടർന്നാണ് കെട്ടിട നിർമാണത്തിന് 49 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. 

എന്നാൽ നിലവിലുള്ള കെട്ടിടം പൊളിക്കാനുള്ള ടെൻഡർ നടപടി സ്വീകരിക്കേണ്ടത് നഗരസഭയാണ്.ഇതിനുള്ള നടപടികൾ നീണ്ടുപോയി. അൺ ഫിറ്റ് സർട്ടിഫിക്കറ്റ്, സർവേ റിപ്പോർട്ട്, ഡിസ്മാന്റിങ് എസ്റ്റിമേറ്റ് എന്നീ 3 അനുമതികൾ ലഭ്യമായാലേ കെട്ടിടം പൊളിച്ചു നിർമാണ പ്രവൃത്തി ആരംഭിക്കാനാവൂ. രണ്ടു വർഷമായി ഈ നടപടികൾ നീളുന്നു. കെല്ലിനാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ ചുമതല. 

നഗരസഭയുടെ അനുമതി ലഭ്യമായാൽ പ്ലാനും എസ്റ്റിമേറ്റും തയാറാക്കി വേഗം പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതരുടെ പ്രതികരണം. കെട്ടിടം പരിശോധിച്ച് ഈ രേഖകൾ ലഭ്യമാക്കിയാൽ ജില്ലാ മെഡിക്കൽ ഓഫിസർ മുഖേന ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിനെ സമീപിക്കാം. 

ഈ നടപടികൾ പൂർത്തിയാക്കിയാൽ നിർമാണ പ്രവൃത്തി ആരംഭിക്കാൻ കെൽ അധികൃതരും തയാറാണ്. കെട്ടിട നിർമാണ സാമഗ്രികൾക്ക് അനുദിനം വില കയറുന്നതിനാൽ നടപടികൾ ഇനിയും വൈകിയാൽ അനുവദിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്കയുമുണ്ട്. 

വെള്ളറ അബ്ദു, നഗരസഭാധ്യക്ഷൻ: "സൗത്ത് കൊടുവള്ളിയിലെ ആരോഗ്യ കേന്ദ്രം കെട്ടിടം പൊളിക്കാനുളള ടെൻഡർ നടപടിക്കാവശ്യമായ തീരുമാനങ്ങൾ നഗരസഭയുടെ അടുത്ത ഭരണ സമിതി യോഗത്തിൽ കൈക്കൊള്ളും. വേഗം നടപടികൾ പൂർത്തിയാക്കാനാണ് ശ്രമം. ഫണ്ടിന്റെ അഭാവമാണ് നടപടി നീളാൻ ഇടയാക്കിയത്. പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കും."

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com