കോഴിക്കോട്∙ ഒരു കളർച്ചോക്കു പോലെ ‘രാജു’വെന്ന ചിത്രകാരൻ തന്റെ ജീവിതം വരച്ചുതീർക്കുകയാണ്. തെരുവോരങ്ങളിൽ അയാൾ ചിത്രങ്ങൾ വരച്ചുണരുന്നു. ചിത്രങ്ങൾ വരച്ച് വിശപ്പകറ്റുന്നു. ചിത്രങ്ങളിൽ കിടന്നുറങ്ങുന്നു. അയാളുടെ ചിത്രങ്ങൾ കണ്ട് മനസ്സുനിറഞ്ഞ് സന്തോഷിക്കുന്നത് നഗരത്തിലെ തൊഴിലാളികളും വഴിയാത്രക്കാരുമായ സാധാരണ മനുഷ്യരാണ്. ഇന്നലെ നട്ടുച്ചയ്ക്ക് ഇൻഡോർ സ്റ്റേഡിയത്തിന് അടുത്ത് ബസ് സ്റ്റോപ്പിനോടു ചേർന്നുള്ള ചുമരിൽ ചിത്രംവരയ്ക്കുകയായിരുന്നു രാജു.തിരുവനന്തപുരം നെടുമങ്ങാട്ട് ചായക്കട നടത്തിയിരുന്ന അച്ഛന്റെയും അമ്മയുടെയും 6 മക്കളിൽ മൂത്തയാളാണ് ശ്രീകുമാർ എന്ന രാജു. ചിത്രം വരയ്ക്കാൻ കുട്ടിക്കാലം തൊട്ടേ ഇഷ്ടമായിരുന്നു.
പക്ഷേ ചുമരിൽ ചിത്രം വരച്ചാൽ അച്ഛന്റെ കയ്യിൽനിന്ന് തല്ലുകിട്ടും. അതുകൊണ്ട് ചിത്രത്തിനടിയിൽ ‘രാജു’വെന്ന് പേരെഴുതിവച്ചു. അമ്മയാണ് ശ്രീകുമാറിനെ സ്നേഹത്തോടെ രാജുവെന്ന് വിളിച്ചിരുന്നത്. പത്താംവയസ്സിൽ നാടുവിട്ടു. നെടുമങ്ങാടുനിന്ന് ബസിൽ കയറി തിരുവനന്തപുരത്തിറങ്ങി. രാത്രി തമ്പാനൂരിലെ സ്റ്റാൻഡിൽ കിടന്നുറങ്ങി. രാവിലെ നോക്കിയപ്പോൾ ട്രൗസറിനു പോക്കറ്റുമില്ല, പണവുമില്ല. വിശന്നുവലഞ്ഞ് സങ്കടപ്പെട്ടിരുന്ന കുട്ടിയെ അതുവഴി വന്ന ആരോ ഒരാൾ ചാല മാർക്കറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. തലയിലൊരു ചാക്കുകെട്ട് വച്ചുകൊടുത്തു. പാളയം വരെ ചാക്ക് കൊണ്ടുപോയി ഇറക്കിയപ്പോൾ 25 പൈസ പ്രതിഫലം കിട്ടി.
അതുമായി തൊട്ടുമുന്നിൽ കണ്ട തട്ടുകടയിൽകയറി രണ്ടു ദോശ കഴിച്ചു. പുറത്തിറങ്ങി കടയുടെ ഒരു വശത്ത് കൂട്ടിയിട്ട കരിക്കട്ട കയ്യിലെടുത്ത് റോഡിന് എതിർവശത്തെ ചുമരിലൊരു ചിത്രംവരച്ചു. അതുവഴി പോയവരൊക്കെ നോക്കിനിന്നു. അഞ്ചു പൈസയും രണ്ടു പൈസയുമൊക്കെയായി പലരും കൊടുത്തു. പണം കിട്ടിയതോടെ ഊർജം കിട്ടി. അന്നുമുതൽ റോഡരികിലെ മതിലുകളിൽ ചിത്രംവരച്ച് ജീവിക്കാൻ തുടങ്ങിയതാണ്. തന്നെ ആരും തിരിച്ചറിയാതിരിക്കാനുള്ള അടയാളമായി ചിത്രത്തിനടിയിൽ ‘രാജു’വെന്ന് ഒപ്പിട്ടുവയ്ക്കുന്ന ശീലം തുടങ്ങി. ഇപ്പോൾ എത്ര വയസ്സായെന്ന് രാജുവിന് ഓർമയില്ല.
കേരളത്തിലും തമിഴ്നാട്ടിലുമായി രാജു ചിത്രംവരയ്ക്കാത്ത ചുമരുകളില്ല. ലാൻഡ്സ്കേപ്പുകളാണ് പതിവായി വരയ്ക്കാറുള്ളത്. ചിലർ ആവശ്യപ്പെടുമ്പോൾ മോഹൻലാലിനെയും മഞ്ജു വാരിയരെയുമൊക്കെ വരച്ചിട്ടുണ്ട്. കരിക്കട്ട, പലതരം കളർ ചോക്കുകൾ എന്നിവ കൊണ്ടാണ് ചിത്രംവര.ഒരിക്കൽ തമിഴ്നാട്ടിലെ ഏതോ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ നിർബന്ധം പിടിച്ച് കരുണാനിധിയുടെ ചിത്രം പെയ്ന്റിൽ വരപ്പിച്ചു.മറ്റൊരിക്കൽ ചാലക്കുടിയിൽ ഒരാൾ വിളിച്ചുകൊണ്ടുപോയി മതിലിൽ പെയിന്റു ചെയ്യിപ്പിച്ചു.
അവസാനമില്ലാത്ത യാത്രകൾക്കിടെ 6 മാസത്തിലൊരിക്കൽ രാജു വീട്ടിൽപ്പോവും. ഭാര്യ പദ്മിനിയും മകൻ മഹേഷും മകന്റെ ഭാര്യയും നാലുവയസ്സുകാരൻ പേരക്കുട്ടിയും നെടുമങ്ങാട് കുഴമുറിക്കലുള്ള കിഴക്കുപുറം വീട്ടിലുണ്ട്. കോവിഡ് കാലത്താണ് ശ്രീകുമാർ കേരളത്തിലെ മതിലുകൾ ഒന്നുകാണാൻ കൊതിച്ചത്. ആ ലോക്ഡൗൺകാലത്ത് വീട്ടിലെ നാലുചുമരുകൾക്കുള്ളിൽ അടച്ചിരിക്കേണ്ടിവന്നു.