ഫറോക്ക് ∙ മാലിന്യം വിറ്റു പണമുണ്ടാക്കുന്ന ലോകത്തിലെ ഏക പാർട്ടി സിപിഎമ്മാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. മാലിന്യത്തേക്കാൾ അധഃപതിച്ചുപോയ മാലിന്യമായി സിപിഎം മാറിയെന്നും മുഖ്യമന്ത്രിക്കു വേണ്ടിയാണ് സിപിഎം ഭരിക്കുന്ന കോർപറേഷനുകളിൽ മാലിന്യ സംസ്കരണത്തിന് വിവാദ കമ്പനിയായ സോണ്ട ഇൻഫോടെക്കിനെ മന്ത്രി പി.രാജീവ് ഏൽപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബ്രഹ്മപുരം, ഞെളിയൻ പറമ്പിൽ ആവർത്തിക്കുമോ എന്ന മുദ്രാവാക്യമുയർത്തി ബിജെപി ബേപ്പൂർ മണ്ഡലം കമ്മിറ്റി കോർപറേഷൻ ചെറുവണ്ണൂർ നല്ലളം മേഖല കാര്യാലയത്തിനു മുൻപിൽ തുടങ്ങിയ രാപകൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, വൈസ് പ്രസിഡന്റ് സി.സാബുലാൽ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, മേഖല ട്രഷറർ ടി.വി.ഉണ്ണിക്കൃഷ്ണൻ, മഹിളാ മോർച്ച ജില്ലാ അധ്യക്ഷ രമ്യ മുരളി, ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ നാരങ്ങയിൽ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗം കെ.പി.വേലായുധൻ, ജില്ലാ സമിതി അംഗം കാളക്കണ്ടി ബാലൻ, ടി.അനിൽകുമാർ, അശ്വതി സുരാജ്, ഗിരീഷ് പി.മേലേടത്ത്, പി.സി.അനന്ത റാം, എ.വി.ഷിബീഷ്, പി.കെ.അബ്ദുൽ മൻസൂർ, യു.സഞ്ജയൻ, സോമിത ശശികുമാർ, ദീപ്തി മഹേഷ്, സജീഷ് കാട്ടുങ്ങൽ എന്നിവർ പ്രസംഗിച്ചു.