ഭരണഘടനാ സ്ഥാപനങ്ങൾ അപകടത്തിൽ: രാഹുൽ ഗാന്ധി

kozhikode-udf-meeting
വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവഹിച്ച രാഹുൽഗാന്ധി ഗുണഭോക്താവ് പി. ശ്രീജ, മക്കളായ അനുശ്രീ, അഞ്ജുശ്രീ എന്നിവർക്കൊപ്പം സെൽഫിക്കു പോസ് ചെയ്യുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

മുക്കം∙ കേന്ദ്ര ഭരണത്തിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ അപകടത്തിലാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കൺവൻഷന്റെ ഉദ്ഘാടനവും രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റും തിരഞ്ഞെടുപ്പു കമ്മിഷനും മാധ്യമസ്വാതന്ത്ര്യവും നീതിന്യായ വ്യവസ്ഥയുമെല്ലാം ആക്രമിക്കപ്പെടുന്നു. സംസാരിക്കുന്നതു മാത്രമല്ല, മറ്റുള്ളവരെ കേൾക്കാൻ തയാറാകുന്നതു കൂടിയാണു ജനാധിപത്യത്തിന്റെ ആത്മാവെന്നു കേന്ദ്രം ഭരിക്കുന്നവർക്കു മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സന്ദേശം അതായിരുന്നു. ആ യാത്രയിൽ ഞങ്ങൾ 8 മണിക്കൂർ വരെ ജനങ്ങളെ കേട്ടു. വളരെ കുറച്ചു മാത്രം സംസാരിച്ചു. 

വയനാട് മണ്ഡലത്തിലുള്ളവർ എന്നെ കുടുംബത്തിലെ ഒരംഗമായി ദത്തെടുത്തതു പോലെയാണ് എനിക്കു തോന്നുന്നത്. ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരെയും എന്റെ കുടുംബത്തിലെ അംഗമായാണു ഞാനും കരുതുന്നത്. ഇടതുപക്ഷത്തുള്ളവർ ആണെങ്കിൽ അവരുടെ പ്രത്യയശാസ്ത്രം ശരിയല്ല എന്നു ഞാൻ അവരെ ബോധ്യപ്പെടുത്തും. പക്ഷേ, അവരെയെും എന്റെ കുടുംബത്തിലെ അംഗമായി കരുതുന്നു. അവർ ചിലപ്പോൾ എന്നെയും തിരുത്താൻ ശ്രമിക്കും. വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. നമ്മുടെ ആശയം മാത്രമല്ല, മറ്റുള്ളവരുടെ ആശയവും പങ്കുവയ്ക്കാൻ അനുവദിക്കണം. അതാണ് നമ്മുടെ നാടിന്റെ സംസ്കാരവും ജനാധിപത്യത്തിന്റെ ആത്മാവും.–രാഹുൽ ഗാന്ധി പറഞ്ഞു. 

ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, സി.െക.കാസിം, കെ.ടി.മൻസൂർ എന്നിവർ പ്രസംഗിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.ഏബ്രഹാം, കെ.ജയന്ത്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.സി.അബു, എൻ.കെ.അബ്ദുറഹ്മാൻ, പി.ടി.മാത്യു എന്നിവർ നേതൃത്വം നൽകി. 

കൈമാറിയത് 6 വീടുകൾ 

വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ച 6 വീടുകളുടെ താക്കോൽ ദാനമാണ് ഇന്നലെ നടന്നത്. വീടില്ലാത്ത ഒട്ടറേപ്പേർ നിവേദനങ്ങളുമായി എത്തിയപ്പോഴാണ് ഇത്തരം ഒരു പദ്ധതി തയാറാക്കാൻ തീരുമാനിച്ചതെന്നു രാഹുൽ പറഞ്ഞു. വീടുകളുടെ നിർമാണത്തിൽ ഒരു ദിവസമെങ്കിലും നേരിട്ടു പങ്കാളിയാകണമെന്ന ആഗ്രഹവും അദ്ദേഹം ഇന്നലെ വേദിയിൽ പങ്കുവച്ചു. കെ.സുധാകരനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെയും ആ ശ്രമദാനത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയും ചെയ്തു.

പ്രസംഗം അവസാനിപ്പിച്ചു മടങ്ങി; കർഷകർക്കായി തിരികെ വന്നു 

ഇന്നലെ പ്രസംഗം അവസാനിപ്പിച്ചു ഇരിപ്പിടത്തിലേക്കു മടങ്ങിയ രാഹുൽ ഗാന്ധി വീണ്ടും തിരികെയെത്തിയാണു കർഷകരുടെ പ്രശ്നം ഉന്നയിച്ചത്. രാഹുലിന്റെ പ്രസംഗത്തിനു ശേഷം ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് മലയോര കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് നിവേദേനം നൽകിയിരുന്നു. ഇതു വായിച്ച ശേഷമാണു രാഹുൽ വീണ്ടും പ്രസംഗ പീഠത്തിനരികിലേക്കു മടങ്ങിയെത്തിയത്. നന്ദിപ്രസംഗം കഴിയുന്നതു വരെ കാത്തിരുന്ന ശേഷം അദ്ദേഹം തനിക്കു ചില കാര്യങ്ങൾ കൂടി പറയാനുണ്ട് എന്നു പറഞ്ഞു കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. കാർഷിക വിളകളുടെ വിലയിടിവും വന്യമൃഗശല്യവും മൂലം കർഷകർ ദുരിതത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ബുദ്ധിമുട്ടിക്കുകയാണ്. സംസ്ഥാന സർക്കാർ ഈ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം. കർഷകരുടെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും രാഹുൽ പറഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS