കൂടത്തായി: മൃതദേഹാവശിഷ്ടങ്ങൾ കല്ലറയിൽനിന്നു മാറ്റാൻ ജോളി സഹായം തേടിയെന്നു മൊഴി

Koodathayi-Jolly-2
SHARE

കോഴിക്കോട്∙ കൂടത്തായി കൊലക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കല്ലറകൾ തുറക്കുന്നതിനു മുൻപു മൃതദേഹാവശിഷ്ടങ്ങൾ കല്ലറയിൽ നിന്നു മാറ്റാൻ സഹായിക്കണമെന്നു പ്രതി ജോളി ജോസഫ് ആവശ്യപ്പെട്ടിരുന്നതായി ഉറ്റസുഹൃത്ത് പി.എ. ജോൺസൺ കോടതിയിൽ മൊഴി നൽകി. ആറു പേരെയും കൊലപ്പെടുത്തിയതു  താനാണെന്നു ജോളി സമ്മതിച്ചെന്നും കേസ് നടത്തിപ്പിനായി പണം കണ്ടെത്താൻ ജോളി സ്വർണം നൽകിയെന്നും ജോൺസൺ പറഞ്ഞു. 

കൂടത്തായി റോയ് വധക്കേസിന്റെ സാക്ഷിവിസ്താരത്തിനിടെയാണു കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയിൽ ജോൺസൺ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. 2015 മുതൽ ജോളിയുമായി അടുപ്പമുള്ള ജോൺസൺ ‌‌കേസിലെ 21 ാം സാക്ഷിയാണ്.  കൊലപാതകക്കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ 2019 ഒക്ടോബർ 2നു  ജോളി തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നു ജോൺസന്റെ മൊഴിയിൽ പറയുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കല്ലറകൾ പൊളിക്കാനിടയുള്ളതിനാൽ  അതിനാൽ ആറു പേരുടെയും മൃതദേഹ അവശിഷ്ടങ്ങൾ മാറ്റാൻ സഹായിക്കണമെന്നു ജോളി ആവശ്യപ്പെട്ടു. എന്തിനാണു പേടിക്കുന്നതെന്നു ചോദിച്ചപ്പോൾ, മൃതദേഹ അവശിഷ്ടങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ താൻ കുടുങ്ങുമെന്നു ജോളി പറഞ്ഞു. അന്നമ്മ തോമസിനെ വിഷം കൊടുത്തും ബാക്കി അഞ്ചു പേരെ ഭക്ഷണത്തിൽ സയനൈഡ് കലർത്തിയും കൊന്നത് താനാണെന്നും ജോളി വെളിപ്പെടുത്തി.

എം.എസ്. മാത്യുവാണു തനിക്ക് സയനൈഡ് എത്തിച്ച് നൽകിയതെന്നും ജോളി പറഞ്ഞതായി ജോൺസൺ മൊഴി നൽകി.  അറസ്റ്റ് ചെയ്താൽ കേസ് നടത്താനായി 28 സ്വർണാഭരണങ്ങൾ ജോളി  ഏൽപിച്ചു. ഈ ആഭരണങ്ങളും, നേരത്തേ തനിക്കു    പണയം വയ്ക്കാനായി നൽകിയതും   ഉൾപ്പെടെ 194 ഗ്രാം സ്വർണം താൻ പൊലീസിനു കൈമാറിയതായും ജോൺസൺ കോടതിയെ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA