ലോറിക്കു മുകളിൽ പെട്രോളുമായി കയറി ലോറിത്തൊഴിലാളിയുടെ ആത്മഹത്യ ശ്രമം
Mail This Article
കോഴിക്കോട് ∙ തിക്കോടി എഫ്സിഐക്കു മുൻപിൽ ലോറിക്കു മുകളിൽ പെട്രോളുമായി കയറി പ്രാദേശിക ലോറിത്തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. മൂരാട് സ്വദേശി അറഫാത്ത് ആണ് ആത്മഹത്യാശ്രമം നടത്തിയത്. പയ്യോളി സിഐ: കെ.സി.സുഭാഷ് ബാബു ലോറിക്ക് മുകളിൽ കയറി അറഫാത്തിനെ സാഹസികമായി കീഴ്പ്പെടുത്തി താഴെ ഇറക്കി. പിടിവലിക്കിടെ പെട്രോൾ സിഐയുടെ കണ്ണിലും തലയിലും തെറിച്ചു.
ഇന്ന് രാവിലെ 11.30 നാണ് സംഭവം. എഫ്സിഐയിൽ നിന്ന് ധാന്യങ്ങൾ കൊണ്ടുപോകാൻ കരാറെടുത്തയാളും പ്രദേശിക ലോറിത്തൊഴിലാളികളും തമ്മിൽ തൊഴിൽ തർക്കം തുടങ്ങിട്ട് മാസങ്ങളായി. കരാറുകാരൻ പുറത്തു നിന്നും ലോറികൾ കൊണ്ടുവന്ന് ലോഡ് കൊണ്ടു പോകുന്നത് ലോറി തൊഴിലാളികൾ പല പ്രാവശ്യം തടഞ്ഞിരുന്നു.
സംയുക്ത ലോറി തൊഴിലാളി കോ-ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഇന്നു മുതൽ അനശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എഫ്സിഐ ഗോഡൗൺ കവാടത്തിൽ ലോറി തടഞ്ഞപ്പോഴാണ് അറഫാത്ത് ലോറിക്കു മുകളിൽ കയറി ആത്മഹത്യാ ശ്രമം നടത്തിയത്. ലോറിത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം പൊലീസ് ലോറികൾ കടത്തിവിട്ടു.