ADVERTISEMENT

കോഴിക്കോട്∙ കൃഷിക്കും ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീപക്ഷ വികസനത്തിനും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്. കാർഷിക ഉൽപന്നങ്ങൾ ജില്ലാ പഞ്ചായത്തിന്റെ ബ്രാൻഡിൽ പുറത്തിറക്കുമെന്നും നാളികേര കർഷകർക്കായി സമഗ്രവികസന പദ്ധതി തയാറാക്കുമെന്നും പ്രഖ്യാപനമുണ്ട്. രണ്ടു ജെൻഡർ പാർക്കുകൾ സ്ഥാപിക്കും.

ജില്ലയിൽ  4742 അതിദരിദ്രർ ഉണ്ടെന്നാണു സർവേ ഫലം. ദാരിദ്ര്യ നിർമാർജനത്തിനായി 10 കോടിയുടെ പദ്ധതി തയാറാക്കും. ജില്ലയെ കാർബൺ ന്യൂട്രൽ ആക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. 123.92 കോടി രൂപ വരവും 118.72 കോടി രൂപ ചെലവും 5.20 കോടി രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അവതരിപ്പിച്ചത്. പ്രതീക്ഷിക്കുന്ന വരവിൽ കഴിഞ്ഞ വർഷത്തെക്കാൾ 10 കോടി രൂപയുടെ കുറവുണ്ട്.

പുതിയ പദ്ധതിയില്ല: പ്രവർത്തന റിപ്പോർട്ട് മാത്രമെന്ന് യുഡിഎഫ് 

കോഴിക്കോട്∙ കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതികളുടെ റിപ്പോർട്ടാണ് ബജറ്റ് എന്ന പേരിൽ അവതരിപ്പിച്ചതെന്നും പുതിയ ഒരു പദ്ധതി പോലുമില്ലെന്നും യുഡിഎഫ്. തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യസംസ്കരണത്തിനായി ഒരു പദ്ധതിയുമില്ലെന്നു യുഡിഎഫ് കക്ഷി നേതാവ് ഐ.പി.രാജേഷ് ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയ്ക്ക് അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും കുടുംബശ്രീയെ മറന്നെന്നും മുസ്‌ലിം ലീഗിലെ നാസർ എസ്റ്റേറ്റ്മുക്ക് പറഞ്ഞു.

വന്യമൃഗശല്യം പരിഹരിക്കാൻ ഒരു പദ്ധതി പോലുമില്ലെന്നു കോൺഗ്രസിലെ ബോസ് ജേക്കബ് ചൂണ്ടിക്കാട്ടി. തനതു വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികൾ വേണമെന്നു സിപിഐയിലെ പി.ഗവാസ് ആവശ്യപ്പെട്ടു. അതിദരിദ്രരെ സഹായിക്കാൻ 10 കോടി നീക്കിവച്ചതാണു ബജറ്റിനെ വ്യത്യസ്തമാക്കുന്നതെന്നു സിപിഎം കക്ഷിനേതാവ് സുരേഷ് കൂടത്താങ്കണ്ടി പറഞ്ഞു.

മുക്കം മുഹമ്മദ്, പിടിഎം ഷറഫുന്നീസ, രാജീവ് പെരുമൺപുറ, റംസീന നരിക്കുനി, പി.പി.പ്രേമ, അംബിക മംഗലത്ത്, റസിയ കോട്ടായി, സി.എം.ബാബു, ഇ.ശശീന്ദ്രൻ, പി.സുരേന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വരുമാനം എങ്ങനെ വിനിയോഗിക്കണമെന്ന നിർദേശമാണ് ബജറ്റിലുള്ളതെന്നും അത് പദ്ധതികളായി മാറുമ്പോൾ എല്ലാവരും നിർദേശിച്ച കാര്യങ്ങൾ അതിലുണ്ടാകുമെന്നും വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ പറഞ്ഞു. ലഭിക്കുന്ന ഫണ്ടിൽ നിന്നു വേണം കാര്യങ്ങൾ ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കും

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 45 സ്കൂളുകളിലും ഗാന്ധി പ്രതിമ സ്ഥാപിക്കാൻ തീരുമാനം. ബജറ്റ് ചർച്ചയിൽ എൻസിപിയിലെ മുക്കം മുഹമ്മദാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. ഭരണഘടനയും ഗാന്ധിയൻ മൂല്യങ്ങളും വിദ്യാർഥികളെ പഠിപ്പിക്കാനുള്ള പദ്ധതി തയാറാക്കുമെന്നും മറുപടി പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് അറിയിച്ചു.

പ്രധാന നിർദേശങ്ങൾ

 തേങ്ങയുടെ സംഭരണം, വിപണനം, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം എന്നിവയുൾപ്പെടെയുള്ള സമഗ്ര നാളികേര വികസന പദ്ധതി
 തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി 5 പഞ്ചായത്തുകളിൽ എബിസി സെന്റർ
 സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കു പരിശീലന കേന്ദ്രം
 നരിപ്പറ്റ, കുന്നുമ്മൽ പഞ്ചായത്തുകളിൽ ജെൻഡർ പാർക്കുകൾ
 വനിതകളുടെ നേതൃത്വത്തിൽ കാക്കൂരിൽ ഗ്ലൂക്കോസ് നിർമാണ യൂണിറ്റ്
 പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി

 പട്ടികവർഗ യുവാക്കൾക്കു വിവിധ സേനകളിലേക്കു പ്രവേശനം ലഭിക്കുന്നതിനുള്ള പരിശീലനം
 ജില്ലാ പഞ്ചായത്തിന്റെ ബ്രാൻഡിൽ കാർഷികോൽപന്നങ്ങൾ
 പട്ടികജാതി, പട്ടികവർഗ വനിതകൾക്ക് തൊഴിൽ പരിശീലനവും സംരംഭത്തിനു സഹായവും
 കോഴിക്കോടിനെ കാർബൺ ന്യൂട്രൽ ജില്ലയാക്കും. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിനെ കാർബൺ ന്യൂട്രലാക്കും
 മത്സ്യത്തൊഴിലാളി യുവാക്കൾക്കു നൈപുണ്യ വികസന പദ്ധതി
 ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്ഥാപനങ്ങൾ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തും
 ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്താൻ സമഗ്ര ആരോഗ്യ പദ്ധതി

വിവിധ മേഖലകൾക്ക് നീക്കിവച്ച തുക

 പൊതുഭരണം, ധനകാര്യം 2.6 കോടി
 കൃഷി 3.75 കോടി
 മൃഗസംരക്ഷണം, ക്ഷീരവികസനം 4 കോടി
 മത്സ്യബന്ധനം 41 ലക്ഷം
 പ്രാദേശിക സാമ്പത്തിക വികസനം 2.69 കോടി
 ദാരിദ്ര്യ ലഘൂകരണം 10.91 കോടി
 സാമൂഹിക നീതി 6.05 കോടി

 സ്ത്രീകളുടെയും കുട്ടികളുടെയും വികസനം 10 കോടി
 പട്ടികജാതി വികസനം 12.74 കോടി
 പട്ടികവർഗ വികസനം 82.38 ലക്ഷം
 ആരോഗ്യം 4.19 കോടി
 ശുചിത്വം, ശുദ്ധജലം 11.9 കോടി
 വിദ്യാഭ്യാസം, കല, സംസ്കാരം, യുവജനക്ഷേമം 10.55 കോടി
 പൊതുമരാമത്ത് 32.10 കോടി
 ജൈവവൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ഒരു കോടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com