തിക്കോടി∙ എഫ്സിഐ ഗോഡൗണിനു മുൻപിൽ ലോറിക്കു മുകളിൽ പെട്രോളുമായി ലോറിത്തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം. കരാറുകാരർ ജോലി നിഷേധിക്കുന്നതിരെയാണു മൂരാട് അൻവർ മൻസിൽ യാസർ അറഫാത്ത് (31) ആത്മഹത്യാ ശ്രമം നടത്തിയത്. പയ്യോളി പൊലീസ് എസ്എച്ച്ഒ കെ.സി.സുഭാഷ് ബാബു ലോറിക്കു മുകളിൽ കയറി സാഹസികമായി കീഴ്പ്പെടുത്തി യാസർ അറഫാത്തിനെ താഴെയിറക്കി. പിടിവലിക്കിടയിൽ പെട്രോൾ എസ്എച്ച്ഒയുടെ കണ്ണിലും ദേഹത്തും തെറിച്ചു. രാവിലെയാണു സംഭവം.

ചരക്കു നീക്കത്തിന് കരാറെടുത്തയാൾ ലോറികൾ ചരക്കെടുക്കാൻ എഫ്സിഐ സമുച്ചയത്തിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടയിലാണ് മുന്നിലുള്ള ലോറിക്കു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. എഫ്സിഐയിൽ നിന്ന് ധാന്യങ്ങൾ കൊണ്ടുപോകാൻ കരാറെടുത്തയാൾ പുറമേനിന്നുള്ള ലോറികളിലാണു ധാന്യം കൊണ്ടു പോകുന്നത്.
ഇത് പ്രാദേശിക ലോറിത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയിരുന്നു. കരാറുകാരനും പ്രാദേശിക തൊഴിലാളികളും തമ്മിൽ മാസങ്ങളായി തൊഴിൽ തർക്കം നിലനിൽക്കുന്നുണ്ട്. പൊലീസിന്റെ സാന്നിധ്യത്തിൽ ഇരു കൂട്ടരും ഒട്ടേറെ തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ മുതൽ സംയുക്ത ലോറിത്തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. കരാറുകാരന്റെ ലോറി തടഞ്ഞ തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.