ADVERTISEMENT

കാരാട് ∙ വാഴയൂർ പരിപ്പിൻ തോട്ടിൽ ഉപ്പുവെള്ളം വ്യാപിച്ചതോടെ വടക്കുംപാടം, പൊന്നേംപാടം മേഖലയിൽ വാഴക്കർഷകർ വലയുന്നു. കടുത്ത വേനലിൽ ജലസേചന സൗകര്യം മുടങ്ങിയതോടെ വാഴകളുടെ വളർച്ച മുരടിക്കുമെന്ന ആശങ്ക ഉയർന്നു. കൃഷിയിടത്തിൽ വെള്ളം എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കർഷകർ.

വേനൽക്കാലത്ത് പരിപ്പിൻ തോട്ടിൽ നിന്നുള്ള വെള്ളമായിരുന്നു കർഷകർ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. വിരിപ്പാടം മണ്ണിൽതാഴം ചീർപ്പ് ചോർന്നൊഴുകിയാണ് ചാലിയാറിൽ നിന്നുള്ള ഉപ്പുവെള്ളം തോട്ടിലേക്ക് വ്യാപിച്ചത്. തോട്ടിലെ വെള്ളം ഉപ്പു കലർന്നതോടെ കൃഷിക്കു ഉപയോഗിക്കാൻ പറ്റാതായി. 

നേരത്തേ ചെറിയ തോതിൽ ചീർപ്പിൽ ഉണ്ടായിരുന്ന ചോർച്ച വ്യാപിച്ചതാണു കൃഷിക്കാരെ പ്രതിസന്ധിയിലാക്കിയത്. 2 ആഴ്ചയായി തോട്ടിൽ വെള്ളത്തിനു കടുത്ത ഉപ്പു രസമാണ്. ഇതിനാൽ വാഴകൾ നനയ്ക്കാൻ മാർഗമില്ലാതായി. കൃത്യമായ ജലസേചനം ഇല്ലെങ്കിൽ വാഴ വാടി വീഴുമെന്നാണു ആധി.

വടക്കുംപാടം, പൊന്നേംപാടം മേഖലയിൽ കുലച്ചതും കുലയ്ക്കാറായതുമായ പതിനായിരക്കണക്കിനു വാഴകൾ നാശത്തിന്റെ വക്കിലാണ്. കുലച്ച വാഴകളിൽ വേണ്ടത്ര കായ പിടിക്കാത്തത് കർഷകരെ നിരാശപ്പെടുത്തുന്നു. മിക്ക വാഴകളിലും വളരെ ചെറിയ കുലകളാണ്. നല്ല ആരോഗ്യമുള്ള വാഴ കുലച്ചിട്ടും പതിവിലും നീളമുള്ള തണ്ട് വളർന്നു എന്നല്ലാതെ കായകൾ വളരുന്നില്ല. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷി ചെയ്തവർ നെടുവീർപ്പെടുകയാണ്. 

വാഴയൂർ പഞ്ചായത്തിൽ ഇത്തവണ 60 ഹെക്ടറിൽ രണ്ടു ലക്ഷത്തിലേറെ വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളിൽ കാറ്റും മഴയും ആയിരുന്നു കൃഷിയെ ബാധിച്ചിരുന്നതെങ്കിൽ ഇത്തവണ ജലക്ഷാമമാണ് ചതിച്ചത്. തോട്ടിൽ ഉപ്പുവെള്ളം കയറിയ വിവരം കൃഷിക്കാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com