രാമനാട്ടുകര ∙ വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ ബൈപാസ് ആറുവരിപ്പാത സർവീസ് റോഡിൽ ഓട നിർമാണം പാതിവഴിയിൽ. ദിൽകുഷ് പെട്രോൾ പമ്പ് പരിസരം മുതൽ സേവാമന്ദിരം പടിഞ്ഞാറു ഭാഗം വരെ 4 വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിക്കാനുണ്ട്.ഇതിനു നടപടി നീളുന്നതിനാൽ ഓട നിർമാണം തടസ്സപ്പെട്ടിരിക്കുകയാണ്. പോസ്റ്റുകൾക്കു സമീപം വരെ ഓട നിർമിച്ചെങ്കിലും പൂർത്തിയാക്കാനായില്ല.
ഇതു സർവീസ് റോഡ് പ്രവൃത്തിയെയും ബാധിച്ചു. പാതയോരത്ത് ഓട നിർമിച്ചു മണ്ണിട്ടു നിരപ്പാക്കിയാൽ മാത്രമേ സർവീസ് റോഡ് ഒരുക്കാനാകൂ.4 വൈദ്യുതക്കാലുകൾ മാറ്റി സ്ഥാപിക്കുന്നതിന് കെഎസ്ഇബി സെക്‌ഷൻ അധികൃതർ 80,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി എൻഎച്ച്എഐ അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ട്. തുക അടച്ചാൽ മാത്രമേ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കൂ. മറ്റിടങ്ങളിൽ കെഎസ്ഇബിക്കു സൂപ്പർവിഷൻ ചാർജ് അടച്ചു കരാർ തൊഴിലാളികളെ കൊണ്ടു വൈദ്യുതക്കാലുകൾ മാറ്റുകയാണ് ചെയ്യുന്നതെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്. ഇതിനു കെഎസ്ഇബിയുമായി ധാരണയിൽ എത്താത്തതാണു പ്രതിസന്ധി.
ബൈപാസിൽ സേവാമന്ദിരം പരിസരം മുതൽ അഴിഞ്ഞിലം വരെ റോഡിനു ഇരുവശത്തും സർവീസ് റോഡ് സജ്ജമായിട്ടുണ്ട്. വൈദ്യുതക്കാലുകൾ മാറ്റാനുള്ളതും അതിർത്തി തർക്കം മൂലം തടസ്സപ്പെട്ടതുമായി 100 മീറ്ററിൽ മാത്രമാണ് സർവീസ് റോഡ് പണിയാനുള്ളത്. അഴിഞ്ഞിലം വരെ പാത സജ്ജമാക്കി വാഹനങ്ങൾ സർവീസ് റോഡിലൂടെ കടത്തിവിട്ടു പരീക്ഷണം നടത്താനാണു ലക്ഷ്യമെങ്കിലും ഇതു വൈകുമെന്നാണു സൂചന. റോഡ് വികസിപ്പിക്കുന്നതിനൊപ്പം അറപ്പുഴയിൽ പുതിയ പാലത്തിന് പൈലിങ് നടക്കുന്നുണ്ട്. നിലവിലുള്ള പാലത്തിനോടു ചേർന്നാണു പുതിയ പാലം നിർമിക്കുന്നത്.