വടകര ∙ തയാറാക്കിയ എസ്റ്റിമേറ്റിന് കാലപ്പഴക്കം വന്നപ്പോൾ താഴെ അങ്ങാടി ഭാഗത്തെ കടൽഭിത്തിയുടെ നീളം 575 മീറ്ററായി ചുരുങ്ങി. കാലവർഷത്തൊടൊപ്പം പതിവ് കടലാക്രമണ ദുരിതമുണ്ടാകുന്ന ആനാട് മുതൽ തണൽ വരെ 876 മീറ്ററിൽ ഭിത്തി പണിയാൻ തീരുമാനിച്ച പദ്ധതിയിലാണ് വെട്ടിക്കുറക്കൽ. 8 വർഷം മുൻപ് തയാറാക്കിയ 4.97 കോടി രൂപയുടെ എസ്റ്റിമേറ്റിന് അനുമതി കിട്ടിയത് ഇപ്പോഴാണ്.
കല്ലിന്റെ വിലക്കൂടുതലിന് പുറമേ 18% ജിഎസ്ടി കൂടി വന്നപ്പോഴാണ് മുഴുവൻ ഭാഗത്തും പണിയാൻ പറ്റാത്ത അവസ്ഥയായത്. തുടർന്ന് ബാക്കി ഭാഗത്തു കൂടെ ഭിത്തി പണിയാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ തുടങ്ങി. 4.04 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കുന്നത്. ആദ്യ പണിയുടെ ടെൻഡർ നടപടിയായി.
കാലവർഷം തുടങ്ങും മുൻപ് പണി പൂർത്തിയായില്ലെങ്കിൽ ഇവിടത്തെ ഭിത്തിയുടെ ബാക്കി ഭാഗവും റോഡും കൂടുതൽ തകർച്ചയിലാകും. കഴിഞ്ഞ 2 വർഷത്തെ കടലാക്രമണത്തിൽ തണൽ, ചുങ്കം ഭാഗത്തെ ഭിത്തിയും റോഡും തകർന്നിരുന്നു. തൽക്കാലം കൊണ്ടു പോയിട്ട കല്ലുകൊണ്ട് പൂർണമായ സംരക്ഷണം കിട്ടില്ല.