ഫറോക്ക് ∙ ഒരു ശിൽപി ഒറ്റയ്ക്കു നിർമിച്ച വള്ളം എന്ന ഖ്യാതിയോടെ ചെറുവണ്ണൂരിൽ നിന്നൊരു ചുരുളൻ വള്ളം. ജെല്ലി ഫിഷ് വാട്ടർ സ്പോർട്സിലാണു പാമ്പു വള്ളം എന്നറിയപ്പെടുന്ന ചുരുളൻ വള്ളം പൂർത്തിയാകുന്നത്. 2 മാസം കൊണ്ടു നീറ്റിലിറക്കും.ചാലിയത്ത് താമസിക്കുന്ന കരുനാഗപ്പള്ളി സ്വദേശി പി.ബി.മോഹൻദാസാണു ആഞ്ഞിലിത്തടിയിൽ വള്ളം പണിയുന്നത്. 54 അടി നീളവും 4 അടി വീതിയുമുള്ള വള്ളത്തിനു 2 അടി ഉയരമുണ്ട്.
3 മാസം മുൻപു നിർമാണം തുടങ്ങിയ വള്ളത്തിനു പൂർണമായും ചെമ്പ് ആണികളാണു ഉപയോഗിക്കുന്നത്. എണ്ണ, തവിട്, കുന്തിരിക്കം എന്നിവ ചേർത്തു ബലപ്പെടുത്തും. 28 തുഴച്ചിൽക്കാർ, 2 അമരക്കാർ, ഒരു പൂൺ എന്നിങ്ങനെ ഒരേസമയം 31 പേർക്ക് ഇരുന്നു തുഴയാനാകുമെന്നു ശിൽപി പി.ബി.മോഹൻദാസ് കൈലാസം പറഞ്ഞു.
ബേപ്പൂർ ജലോത്സവത്തിനു വേണ്ടിയാണ് ജെല്ലി ഫിഷ് നേതൃത്വത്തിൽ രണ്ടാമതൊരു ചുരുളൻ വള്ളം നിർമിക്കുന്നത്. നേരത്തേ 2001 ഡിസംബറിൽ ഒരു വള്ളം നീറ്റിലിറക്കിയിരുന്നു. പരമ്പരാഗത വള്ളം നിർമാണം വിദ്യാർഥികൾക്കു പഠിക്കാൻ ജെല്ലി ഫിഷ് അവസരം ഒരുക്കിയിട്ടുണ്ടെന്നു ഓപ്പറേഷൻ മാനേജർ പ്രസാദ് തുമ്പാണി അറിയിച്ചു. കയാക്കിങ്, സ്റ്റാൻഡ് അപ് പാഡലിങ് റേസ്, സെയ്‌ലിങ് തുടങ്ങിയ വൈവിധ്യമാർന്ന ജല കായിക വിനോദങ്ങളിൽ ജെല്ലി ഫിഷ് പരിശീലനം നൽകുന്നുണ്ട്.