വടകര ∙ ജലസേചന പദ്ധതിയുടെ വെള്ളം കിട്ടാത്തതു കൊണ്ട് ചെരണ്ടത്തൂർ ചിറയിലെ 400 ഏക്കറോളം നെൽവയലിലെ കൃഷി പ്രതിസന്ധിയിൽ. വേങ്ങാടിയിലെ മോട്ടർ തകരാർ മൂലം വെള്ളം ഒഴുക്കി വിടാനും ശേഖരിക്കാനും സംവിധാനമില്ലാത്തതു കൊണ്ട് ഇത്തവണ കൃഷി വേണ്ടെന്നു വയ്ക്കുകയും പിന്നീട് പ്രശ്നം പരിഹരിച്ചപ്പോൾ വൈകി വിത്തിടുകയും ചെയ്ത പാടശേഖര സമിതികളാണ് വെള്ളം കിട്ടാതെ പ്രതിസന്ധിയിലായത്.
മണിയൂർ, ചെരണ്ടത്തൂർ വിതരണ കനാലുകൾ വഴി കുറച്ചു ദിവസം വെള്ളം നൽകിയിരുന്നെങ്കിലും കനാൽ പെട്ടെന്ന് അടച്ചതാണ് പ്രശ്നം. അഴിയൂർ ബ്രാഞ്ച് കനാലിലെ പ്രശ്നവും മറ്റു ചില പഞ്ചായത്തുകളിലേക്കു വെളളം തിരിച്ചു വിട്ടതും മൂലം ബുദ്ധിമുട്ടിലായത് ചെരണ്ടത്തൂർ ചിറയിലെ കർഷകരാണ്. ചിറ മുഴുവൻ വരണ്ടു കിടക്കുകയാണ്. വേങ്ങാടിയിലെ പമ്പിങ് വീണ്ടും തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. ഇപ്പോൾ നാമമാത്രമായ തോതിലാണ് വെള്ളം എത്തുന്നത്.
4 ദിവസം തുടർച്ചയായി വെള്ളം എത്തിയാൽ മാത്രമേ കൃഷി സംരക്ഷണത്തിനു പറ്റുന്ന തരത്തിലാവൂ. ഇല്ലെങ്കിൽ കുതിർന്ന ഭാഗം പോലും വരണ്ടു പോകാൻ സാധ്യതയുണ്ടെന്നു കർഷകർ പറയുന്നു. ചിറയിൽ സാധാരണ ഡിസംബറിൽ തുടങ്ങുന്ന പുഞ്ചക്കൃഷിക്ക് ഇത്തവണ ഫെബ്രുവരിയിലാണ് വിത്തിട്ടത്. അന്നും വെള്ളമായിരുന്നു പ്രശ്നം. ഏപ്രിൽ കഴിഞ്ഞ് വിളവെടുക്കേണ്ട നെൽക്കൃഷിയാണിത്. പ്രദേശത്തെ 5 പാടശേഖര സമിതിയും സംയുക്ത സമിതിയും പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ കണ്ടു.