വള്ളിയാട് റോഡ് നിർമാണത്തിൽ പരാതി; കൺവീനർ രാജിവച്ചു
Mail This Article
വടകര ∙ 4 കോടി രൂപ ചെലവിൽ നടത്തുന്ന വില്യാപ്പള്ളി – വള്ളിയാട് – ആയഞ്ചേരി റോഡ് വിപുലീകരണത്തിൽ പരാതി. കമ്മിറ്റി കൺവീനർ സ്ഥാനം രാജി വച്ചത് വിവാദമായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വില്യാപ്പള്ളി മുതൽ കളരിമുക്ക് വരെ നടത്തിയ റോഡ് വിപുലീകരണത്തിൽ തർക്കമില്ലായിരുന്നു. എന്നാൽ കളരിമുക്ക് മുതൽ ഈയിടെ തുടങ്ങിയ പണിയിൽ ഓവുചാലും റോഡിനു കുറുകെയുള്ള കലുങ്കുകളും അശാസ്ത്രീയമെന്നായിരുന്നു പരാതി.
വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ റോഡിനു കുറുകെ ആവശ്യമായ വീതിയില്ലാത്ത കലുങ്ക് പണിതാൽ പ്രശ്നം രൂക്ഷമാകുമെന്നും റോഡരികിൽ ഓവുചാൽ കൃത്യമായി പണിയാത്തതു കൊണ്ട് വെള്ളം ഒഴുകാൻ മാർഗമില്ലാതാകുമെന്നും പരാതി ഉയർന്നു. പരാതിക്ക് പരിഹാരം കാണാതെ നിർമാണം തുടർന്നപ്പോൾ പ്രതിഷേധം വ്യാപകമായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തായിരുന്നു റോഡിനു ഫണ്ട് അനുവദിച്ചത്. എന്നാൽ പണി തുടങ്ങാൻ ഏറെ വൈകി. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തുടങ്ങി വച്ച പണി ഓരോ ഘട്ടമായി നീക്കുകയായിരുന്നു.നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രശ്നം പരിഹരിക്കാൻ ഇന്നു വൈകിട്ട് 4 ന് വില്യാപ്പള്ളി സ്കൂളിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേരും.