ADVERTISEMENT

കോഴിക്കോട്∙ രാഹുൽ ഗാന്ധിക്കായി രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ഉയരുന്ന ശബ്ദം അടുത്ത തിരഞ്ഞെടുപ്പിൽ ഫാഷിസം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത് ജോഡോ യാത്രയിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളിലെ സാധാരണക്കാരന്റെ ജീവിതമെന്താണെന്ന് തൊട്ടറിഞ്ഞ നേതാവാണ് രാഹുൽഗാന്ധി. അദ്ദേഹത്തെ ലോക്സഭയിൽനിന്നു പുറത്താക്കാൻ ഫാഷിസ്റ്റ് ശക്തികൾ നേരത്തേതന്നെ ബോധപൂർവമായ ശ്രമം തുടങ്ങിയിരുന്നു. ലണ്ടനിലെ പ്രസംഗത്തെക്കുറിച്ച് വിശദീകരിക്കാൻ സ്പീക്കർ രാഹുലിന് അവസരം നിഷേധിച്ചു. നീതിന്യായവ്യവസ്ഥയെ സ്വാധീനിച്ചാണ് വിധി കൊണ്ടുവന്നതെന്നും രാഘവൻ പറഞ്ഞു.

രാഹുൽ നടത്തിയ അതേ പ്രസ്താവനയാണ് ഖുശ്ബു കോൺഗ്രസിലായിരുന്നപ്പോൾ നടത്തിയത്. അവർ ബിജെപിയുടെ കൂടെ ചേർന്നപ്പോൾ ദേശീയ വനിതാ കമ്മിഷൻ അംഗമാക്കി. എന്തുകൊണ്ടാണ് ഖുശ്ബുവിനെതിരെ നടപടിയെടുക്കാത്തതെന്നും രാഘവൻ ചോദിച്ചു.കേസെടുത്തും അയോഗ്യനാക്കിയും രാഹുലിനെ പുറത്തിരുത്താമെന്നതു വ്യാമോഹമാണ്. പാർട്ടി മേൽകോടതികളെ സമീപിക്കും. ഊതിക്കാച്ചിയ പൊന്നുപോലെ രാഹുൽഗാന്ധി തിരികെവരുമെന്നും രാഘവൻ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ അധ്യക്ഷനായിരുന്നു. യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, ദിനേശ് പെരുമണ്ണ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, സെക്രട്ടറി ടി.ടി.ഇസ്മായിൽ, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിൽ ജില്ലയിലൊട്ടാകെ വ്യാപക പ്രതിഷേധമാണ് കോൺഗ്രസും ലീഗുമടക്കമുള്ളവർ ഇന്നലെ നടത്തിയത്.

യൂത്ത് ലീഗ് പ്രതിഷേധ ജ്വാല ഇന്ന് 

കോഴിക്കോട്∙ രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള സംഘ് പരിവാർ തീരുമാനത്തിനെതിരെ പ്രതിഷേധ ജ്വാല തീർക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പറഞ്ഞു.  പ്രതിഷേധ ജ്വാല ഇന്നു രാത്രി 10ന് അരയിടത്തുപാലം ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com