സർക്കാരിന്റെ സാംബൂക്ക് ഉരുവിന്റെ നടുഭാഗം പിളർന്നു; 50 ലക്ഷം രൂപ നഷ്ടം

 ബേപ്പൂർ ചീർപ്പ് പാലത്തിനു സമീപം ചാലിയാർ തീരത്ത് നശിക്കുന്ന സർക്കാരിന്റെ സാംബൂക്ക് ഉരു.
ബേപ്പൂർ ചീർപ്പ് പാലത്തിനു സമീപം ചാലിയാർ തീരത്ത് നശിക്കുന്ന സർക്കാരിന്റെ സാംബൂക്ക് ഉരു.
SHARE

ബേപ്പൂർ ∙ ചീർപ്പ് പാലത്തിനു സമീപം ചാലിയാർ തീരത്ത് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച സർക്കാരിന്റെ സാംബൂക്ക് ഉരുവിന്റെ നടുഭാഗം പിളർന്നു. അമരം തകർന്നു മരപ്പലകകൾ പൂർണമായും ദ്രവിച്ച ഉരു വീണ്ടെടുക്കാൻ പറ്റാത്ത വിധം നശിച്ചു. അണിയത്തിൽ(മുൻഭാഗം) മരത്തിനു വിള്ളൽ വീണു. 50 ലക്ഷത്തോളം രൂപ ചെലവിട്ടു സാംസ്കാരിക വകുപ്പിനു കീഴിലെ തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രം മേൽനോട്ടത്തിൽ നിർമിച്ച ഉരുവാണിത്. നിർമാണം നിലച്ച് 11 വർഷമായി പുഴയോരത്ത് വെറുതേ കിടക്കുകയാണ്. അധികൃതരുടെ അനാസ്ഥയിൽ സർക്കാരിന്റെ ലക്ഷങ്ങൾ പാഴായത് മിച്ചം.

ബേപ്പൂരിലെ പൗരാണിക ഉരു നിർമാണ പഠന കേന്ദ്രത്തിൽ ഷിപ് ടെക്നോളജി ഡിപ്ലോമ കോഴ്സിനു പ്രായോഗിക പരിശീലനം നൽകുക ലക്ഷ്യമിട്ടായിരുന്നു ഉരു നിർമാണം. മുസിരിസ് പദ്ധതിയിൽ 70 ലക്ഷം രൂപ വകയിരുത്തി തുടക്കമിട്ട നിർമാണത്തിനു ആദ്യഘട്ടമായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ഇതുപയോഗിച്ചു നിർമാണം തുടങ്ങിയെങ്കിലും പിന്നീട് ഫണ്ട് അനുവദിച്ചില്ല. തൊഴിലാളികൾക്ക് യഥാസമയം കൂലി കിട്ടാതെ വന്നപ്പോൾ പണി നിർത്തിപ്പോയി. ഇതിനിടെ 2013ൽ പഠനകേന്ദ്രം അടച്ചുപൂട്ടി. പിന്നീട് തിരിഞ്ഞുനോക്കാൻ ആളില്ലാതായി. 

മഴവെള്ളം ഉരുവിന്റെ അകത്തു കെട്ടി നിന്നാണ് പലകകൾ ദ്രവിച്ചു നശിച്ചത്. 2010 സെപ്റ്റംബറിൽ കീലിട്ട ഉരു 2011ൽ നീറ്റിൽ ഇറക്കലായിരുന്നു ഉദ്ദേശ്യം. 80% പ്രവൃത്തി പൂർത്തിയാക്കി എൻജിൻ ഘടിപ്പിക്കൽ ഉൾപ്പെടെയുള്ള അവസാനഘട്ട പണികളായിരുന്നു ബാക്കിയുണ്ടായത്. പൂർണമായും തേക്കിൽ നിർമിച്ച ഉരുവിനു 45 അടി നീളവും 2.5 മീറ്റർ ഉയരവും 15 അടി വീതിയുമാണ്. പണി പൂർത്തീകരിക്കാൻ വിനോദസഞ്ചാര വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS