ADVERTISEMENT

ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബർ ജെട്ടി ആഴം കൂട്ടുന്നതിന് 5.94 കോടി രൂപയുടെ പദ്ധതി. നിലവിലെ വാർഫ് അടിത്തട്ടിൽ അടിഞ്ഞ മണ്ണും ചെളിയും നീക്കി യന്ത്രവൽകൃത ബോട്ടുകൾക്കു സൗകര്യപ്രദമായ സഞ്ചാരപാത ഒരുക്കുകയാണു ലക്ഷ്യം.ജെട്ടിയുടെ നദീ മുഖത്ത് 100 മീറ്റർ വീതിയിലും 600 മീറ്റർ നീളത്തിലും ആഴം കൂട്ടാനാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയിൽ ഉൾപ്പെടുത്തിയാണു പ്രവൃത്തി. 40% സംസ്ഥാന സർക്കാർ വിഹിതം ഉപയോഗിച്ച് ഹാർബർ എൻജിനീയറിങ് വകുപ്പ് മേൽനോട്ടത്തിലാകും ഡ്രജിങ് നടത്തുക. ഇതോടൊപ്പം സിൽക്ക് പരിസരത്തെ പാറക്കെട്ടുകളും നീക്കം ചെയ്യും.

മൺസൂണിൽ ചാലിയാറിലൂടെ ഒഴുകിയെത്തിയ മണ്ണ് വാർഫിൽ അടിഞ്ഞു കൂടിയതും സിൽക്ക് പരിസരത്ത് നദിയുടെ അടിയിലുള്ള പാറക്കെട്ടുകളും ബോട്ടുകൾക്കു ഭീഷണിയായിരുന്നു. വേലിയിറക്ക സമയങ്ങളിൽ പലപ്പോഴും യാനങ്ങളുടെ അടി തട്ടുന്ന സ്ഥിതിയാണ്. ഇതു സംബന്ധിച്ചു പരാതി ഉയർന്നതോടെയാണ് ഡ്രജിങ് നടത്താൻ അധികൃതർ പദ്ധതി തയാറാക്കിയത്.

571 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോകുന്ന ഹാർബറിൽ 3 വാർഫുകളായി ആകെ 370 മീറ്റർ നീളത്തിലാണ് ജെട്ടിയുള്ളത്. ഇതിൽ 50 മീറ്റർ നീളമുള്ള ലോ ലവൽ ബർത്തിങ് ജെട്ടിയിൽ വള്ളങ്ങളാണ് നിർത്തിയിടുന്നത്. ഇരു ജെട്ടിയിലും ഒരേസമയം 20 ബോട്ടുകൾ മാത്രമേ നേരിട്ടു നിർത്താനാകൂ.വാർഫിലെ അസൗകര്യം കാരണം മീൻ പിടിച്ചെത്തുന്ന ബോട്ടുകൾ നദിയിൽ നങ്കൂരമിടുകയാണ് ചെയ്യുന്നത്. ജെട്ടിയിലടുപ്പിച്ച ബോട്ടുകളിൽ നിന്നു മീൻ ഇറക്കിയ ശേഷം മാത്രമേ മറ്റുള്ളവ അടുപ്പിക്കാനാകൂയെന്ന സ്ഥിതിയാണ്.

ട്രോളിങ് നിരോധനം, കടൽക്ഷോഭം, കാലാവസ്ഥ മുന്നറിയിപ്പ് തുടങ്ങിയ സന്ദർഭങ്ങളിൽ കടലിൽ പോയ മുഴുവൻ ബോട്ടുകളും കര കയറാൻ നിർബന്ധിതരാകും. ഈ സമയങ്ങളിൽ എല്ലാ ബോട്ടുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഹാർബറിലില്ല.കരുവൻതിരുത്തിയിലും ചീർപ്പ് പാലം പരിസരത്തുമാണ് ആ സമയത്തു ബോട്ടുകൾ നിർത്തുന്നത്. ജെട്ടി ആഴം കൂട്ടുന്നതിനൊപ്പം കൂടുതൽ ബോട്ടുകൾ നിർത്തിയിടാൻ ആവശ്യമായ ഹാർബർ സൗകര്യം കൂടി ഒരുക്കണമെന്നാണു മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com