ആശുപത്രിയിൽ മദ്യ സൽക്കാരം; പരുക്കേറ്റ രോഗിക്ക് ചികിത്സ നൽകിയില്ലെന്നു പരാതി

  നാദാപുരം താലൂക്ക് ആശുപത്രിയിൽ നടന്ന ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിലേക്ക് ഇരച്ചു കയറാനുള്ള യൂത്ത് ലീഗുകാരുടെ ശ്രമം പൊലീസ് തടയുന്നു.
നാദാപുരം താലൂക്ക് ആശുപത്രിയിൽ നടന്ന ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തിലേക്ക് ഇരച്ചു കയറാനുള്ള യൂത്ത് ലീഗുകാരുടെ ശ്രമം പൊലീസ് തടയുന്നു.
SHARE

നാദാപുരം∙ താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ള ഫീൽഡ് സ്റ്റാഫിന് അനുവദിച്ച മുറിക്കകത്ത് മദ്യ സൽക്കാരം നടത്തിയത് ആശുപത്രിയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കി. മാനേജിങ് കമ്മിറ്റി യോഗം ചേർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു എച്ച്എംസി യോഗത്തിലേക്ക് പ്രകടനമായെത്തിയ മുസ്‌ലിം യൂത്ത് ലീഗുകാർ ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് ഹെൽത്ത് ഇൻസ്പെക്ടർ അടക്കമുള്ളവർ ഉപയോഗിക്കുന്ന ഓഫിസിനകത്ത് മദ്യ സൽക്കാരം നടന്നത്.

വളയം കുറ്റിക്കാട് പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പരുക്കേറ്റവരുമായി എത്തിയവരും അവരെ കാണാൻ എത്തിയവരും ഇതു കാണുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു.. രാത്രി തന്നെ എച്ച്എംസി അംഗങ്ങളും സിപിഎം നേതാക്കളുമായ  സി.എച്ച്.മോഹനൻ, വി.കെ.സലീം, കോൺഗ്രസ് നേതാവ് കെ.ടി.കെ.അശോകൻ  അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതിനിടയിൽ മുറിക്കകത്തു നിന്ന് ചിലർ ഓടിപ്പോയതായി പറയുന്നു.

ഒരാളെ തടഞ്ഞു വച്ചെങ്കിലും മദ്യലഹരിയിലായതിനാൽ വിട്ടയച്ചു. എച്ച്എംസി അംഗങ്ങളുടെ സാന്നിധ്യത്തിൽ പൂട്ടിയ മുറി ഇന്നലെ രാവിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജയും ആശുപത്രി മെഡി.സൂപ്രണ്ട് ഡോ.എം.ജമീലയും എത്തി തുറന്നപ്പോൾ മദ്യക്കുപ്പികൾ കണ്ടെത്തി. മദ്യത്തിന്റെ രൂക്ഷ ഗന്ധവും അനുഭവപ്പെട്ടു. മദ്യസൽക്കാരം നടന്നെന്നു വ്യക്തമായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

അന്വേഷണം നടത്തി കർശന സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ഡിഎംഒയ്ക്കും മെഡിക്കൽ സൂപ്രണ്ടിനും പരാതി നൽകി.എച്ച്എംസി യോഗം ചേർന്ന് കുറ്റക്കാരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നു നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചതായി യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പറഞ്ഞു.ചൊവ്വാഴ്ച രാത്രി മതിലിനു മുകളിൽ നിന്നു വീണു പരുക്കേറ്റ് ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സിക്കാൻ ഡോക്ടർ സന്നദ്ധനായില്ലെന്ന ആരോപണം അടക്കം ഉന്നയിച്ചാണ് യൂത്ത് ലീഗ് മാർച്ച് നടത്തിയത്. 

പറയാനുള്ളത് യോഗത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വലയം ഭേദിച്ച് യോഗം നടന്ന ഹാളിലേക്ക് കയറാനായിരുന്നു ശ്രമം. ഒടുവിൽ സി.പി.അജ്മൽ, ഇ.ഹാരിസ് എന്നിവരെ അകത്തേക്കു പ്രവേശിപ്പിച്ചു. ചികിത്സ നൽകാതിരുന്ന ഡോക്ടർ അടക്കമുള്ളവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം. എച്ച്എംസി യോഗത്തിൽ പങ്കെടുത്ത ഭരണ, പ്രതിപക്ഷ കക്ഷികളിൽ പെട്ട സി.എച്ച്.മോഹനൻ, കരിമ്പിൽ ദിവാകരൻ, കെ.ജി.അസീസ്, കെ.ടി.കെ.അശോകൻ, വാസു ആവോലം തുടങ്ങിയവരെല്ലാം കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ഭാഗം അവതരിപ്പിക്കാൻ മെഡിക്കൽ സൂപ്രണ്ടും നഴ്സിങ് സൂപ്രണ്ടും ശ്രമിച്ചെങ്കിലും സിപിഎം നേതാവ് സി.എച്ച്.മോഹനൻ അടക്കമുള്ളവർ  എതിർത്തു. മദ്യക്കുപ്പികൾ കണ്ടെടുത്ത സ്ഥിതിക്ക് കൂടുതൽ ന്യായീകരണം ആവശ്യമില്ലെന്ന് എച്ച്എംസി അംഗങ്ങൾ പറഞ്ഞു. ജനപ്രതിനിധികളായ സി.എച്ച്.നജ്മാബീവി, ബിന്ദു പുതിയോട്ടിൽ എന്നിവരും യോഗത്തിനെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS