വടകര ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചോറോട് അടിപ്പാത അടച്ചത് നാട്ടുകാർക്കു വിനയായി. ഉടൻ പ്രവൃത്തി ആരംഭിക്കുമെന്നു പറഞ്ഞാണ് 3 ദിവസം മുൻപു ഗതാഗതം നിയന്ത്രിക്കുന്നതിന് അടിപ്പാത അടച്ചത്. കുരിയാടി, പള്ളിത്താഴ ഭാഗങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ നാട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. മത്സ്യ ബന്ധനത്തിനു വാഹനത്തിൽ ചോമ്പാലയിലേക്ക് ഇതുവഴിയാണ് പോകാറുള്ളത്. കൂടാതെ ഈ ഭാഗത്തായി 4 സ്കൂളുകളും ഉണ്ട്.
സ്കൂൾ ബസുകൾക്ക് അടിപ്പാത കടന്നു പോകാൻ കഴിയുന്നില്ല. സ്കൂൾ അടയ്ക്കുന്നതിനു മുൻപ് റോഡ് അടച്ചത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. മുട്ടുങ്ങൽ സൗത്ത് യുപി സ്കൂൾ, എരപുരം മാപ്പിള സ്കൂൾ, മീത്തലങ്ങാടി ഗവ.യുപി സ്കൂൾ, കുരിയാടി ഫിഷറീസ് സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വഴിയാണിത്.
ചോറോട് പെരുവയൽ ഭാഗത്തെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ അടിപ്പാത നിർമാണം തടഞ്ഞിരുന്നു. അതിനു ശേഷം ചോറോട് ഭാഗത്ത് നിർമാണ പ്രവൃത്തികളൊന്നും നടന്നിട്ടില്ല. വലിയ വാഹനങ്ങൾ കൈനാട്ടി മീത്തലങ്ങാടി വഴി വേണം കുരിയാടിയിലേക്കും പള്ളിത്താഴ ഭാഗത്തേക്കും പോകാൻ. അല്ലെങ്കിൽ വടകര വഴി പോകണം.
രണ്ടായാലും കിലോ മീറ്ററുകൾ ചുറ്റണം. ചെറിയ വാഹനങ്ങൾക്ക് അമൃതാനന്ദമയീ സ്റ്റോപ്പ് വഴി പോകാം. രോഗികളെയും മറ്റും ആശുപത്രിയിലേക്കു കൊണ്ടു പോകാനും മറ്റും ബുദ്ധിമുട്ടുണ്ട്. പ്രവൃത്തി ആരംഭിക്കുന്നതിനു മുൻപ് അടിപ്പാത അടച്ചതിൽ സഹൃദയ റസിഡന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.