കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം ശാന്തിനഗർ 30ാം മൈൽ നാലു സെന്റ് കോളനിയിലെ കിണർ വറ്റിയതോടെ വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടത്തിൽ. കോളനിയിൽ 20 വർഷം മുൻപ് നിർമിച്ച പഞ്ചായത്ത് കിണർ കടുത്ത വേനലിൽ വറ്റിയതോടെ കോളനിയിലെ ഇരുപതോളം കുടുംബങ്ങൾ പെരുവണ്ണാമൂഴി റിസർവോയർ തീരത്തു നിന്നും ദൂരസ്ഥലങ്ങളിലെ കിണറുകളിൽ നിന്നും തലച്ചുമടായാണ് ഇപ്പോൾ വെള്ളം എത്തിക്കുന്നത്.
പദ്ധതിയുടെ ടാങ്ക് 5 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു വർഷം മുൻപ് നവീകരിച്ചെങ്കിലും ടാങ്കിൽ വെള്ളം ഉണ്ടെങ്കിൽ പോലും മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാകാത്ത സ്ഥിതിയാണ്. കിണർ ആഴം വർധിപ്പിച്ച് റിങ് സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഒട്ടേറെ തവണ കോളനി നിവാസികൾ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് നടപടിയെടുത്തില്ല.
റിസർവോയറിൽ ജലനിരപ്പ് കുറയുമ്പോൾ കോളനി കിണറ്റിലും വെള്ളം വറ്റും. കിണർ ആഴം വർധിപ്പിക്കേണ്ടതിന് പകരം ടാങ്ക് നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ച് പണം നഷ്ടപ്പെടുത്തിയെന്ന് കോളനി നിവാസികൾ ആരോപിക്കുന്നു. ജലവിതരണത്തിന് പഞ്ചായത്ത് അടിയന്തര നടപടിയെടുക്കണമെന്നും കിണർ ആഴം വർധിപ്പിക്കാൻ ഫണ്ട് അനുവദിക്കണമെന്നും മുൻ പഞ്ചായത്ത് മെംബറും സിപിഎം ലോക്കൽ കമ്മിറ്റി മെംബറുമായ ആന്റണി വിൻസെന്റ് ആവശ്യപ്പെട്ടു.