ADVERTISEMENT

വളയം∙ ഉടമസ്ഥാവകാശത്തർക്കം നിലനിൽക്കുന്ന മഞ്ഞപ്പള്ളിയിലെ 3 ഏക്കർ 52 സെന്റ് അളന്നു തിട്ടപ്പെടുത്താനുള്ള വടകര സബ് കോടതി ഉത്തരവ് നടപ്പാക്കുന്നതിനിടയിൽ വൻ സംഘർഷം.സർവകക്ഷി നേതൃത്വത്തിലുള്ള കർമ സമിതി പ്രവർത്തകരും ചെക്യാട്, വളയം പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ അടക്കമുള്ളവരും അഭിഭാഷക കമ്മിഷനെയും സർവേയറെയും ഉപരോധിക്കാൻ എത്തിയെങ്കിലും വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ അളവെടുപ്പ് പൂർത്തിയാക്കി.

വടകര സബ് കോടതിയാണ് അഭിഭാഷക കമ്മിഷനെ നിയമിച്ചത്. 3 തവണ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അളവെടുപ്പ് നടത്താതെ മടങ്ങേണ്ടി വന്നിരുന്നു. അളവെടുപ്പിന് ഇന്നലെ എത്തിയ അഭിഭാഷക കമ്മിഷൻ അംഗം വി.കെ.അശ്വതിക്കും സ്വകാര്യ സർവേയർ അടക്കമുള്ളവർക്കും നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം പൊലീസ് സംഘമാണ് സംരക്ഷണം നൽകിയത്. 

clt-image-news
വളയം മഞ്ഞപ്പള്ളി മൈതാനം അടക്കമുള്ള തർക്ക സ്ഥലത്തിന്റെ അളവെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പരുക്കേറ്റ വി.കെ.സുധീറിനെ പൊലീസ് വാനിൽ നിന്ന് വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ചികിത്സ നൽകാനായി ഇറക്കിക്കൊണ്ടു വരുന്നു.

പൊലീസ് വാഹനത്തിലെത്തിയ അഭിഭാഷക കമ്മിഷനെ സമരക്കാർ റോഡിൽ തടഞ്ഞു. ജീപ്പിനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. ഇതിനിടയിൽ  കർമസമിതി അംഗം പൂഞ്ചയിലെ വി.കെ.സുധീറിന് (42) കാലിന്റെ എല്ലിനു പൊട്ടലുണ്ടായി. ആശുപത്രിയിൽ എത്തിച്ച സുധീറിനെ പ്ലാസ്റ്ററിട്ട ശേഷം വീട്ടിലേക്കു മാറ്റി. 

അളവു നടന്ന ഒരു മണിക്കൂറോളം നേരം പല സമയങ്ങളിലായി പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. പതിറ്റാണ്ടുകളായി പുറമ്പോക്കായി കിടക്കുന്ന ഭൂമി ഭൂമാഫിയ സംഘം തട്ടി എടുക്കാൻ ശ്രമം നടത്തുന്നെന്നാണ് കർമസമിതിയുടെ പരാതി.   എന്നാൽ, തങ്ങൾക്ക് കുടുംബാവകാശമായി ലഭിച്ച സ്ഥലമാണിതെന്നാണ് എതിർ വിഭാഗത്തിന്റെ നിലപാട്. 

വളയം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സ്ഥിരം സമിതി അധ്യക്ഷൻ കെ.വിനോദ്, കെ.പി.കുമാരൻ, എ.കെ.രവീന്ദ്രൻ, കെ.ചന്ദ്രൻ, കെ.ടി.കുഞ്ഞിക്കണ്ണൻ, സി.എച്ച്.ശങ്കരൻ, സുനി കാവുന്തറ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാദാപുരം, കുറ്റ്യാടി, വളയം, തൊട്ടിൽപാലം പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. 

എഴുപതോളം പേർക്കെതിരെ കേസെടുത്തു

വളയം∙ മഞ്ഞപ്പള്ളിയിൽ വടകര സബ് കോടതി ഉത്തരവ് പ്രകാരം തർക്ക സ്ഥലത്തിന്റെ അളവെടുപ്പിന് എത്തിയ അഭിഭാഷക കമ്മിഷനെ തടഞ്ഞതിന് എഴുപതോളം സമരക്കാരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. തിരിച്ചറിഞ്ഞ 10 പേരെയും കണ്ടാലറിയാവുന്ന 60 പേർക്ക് എതിരെയുമാണ് കേസ്. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അടക്കമുള്ള ജനപ്രതിനിധികളും കേസിൽ പ്രതികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com