ADVERTISEMENT

കോഴിക്കോട്∙ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീണ്ടും അപകടം; യുവാവിനു പരുക്ക്. റെയിൽവേയിലെ കരാർ ജീവനക്കാരനായ പയ്യാനക്കൽ ഫാരിസ് റഹ്മാനാണ് (23) ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്. രാവിലെ ഏഴോടെയാണ് സംഭവം.ഫോണിന്റെ ബാറ്ററിക്കു തീപിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു. തകരാറിലായതിനാൽ ഫോണിന്റെ ഡിസ്പ്ലേ രണ്ടാഴ്ച മുൻപു മാറ്റിയിരുന്നു. എന്നാൽ, ഫോണിന്റെ പ്രവർത്തനത്തിൽ തകരാറുണ്ടായിരുന്നില്ല. പതിവുപോലെ തലേന്നു രാത്രി ഫോൺ ചാർജ് ചെയ്തിരുന്നു.

ഓഫിസിൽ ജോലിക്കിടെ മുഖം കഴുകുമ്പോഴാണ് ജീൻസിന്റെ പോക്കറ്റിൽനിന്നു പുക ഉയരുന്നതു ഫാരിസ് ശ്രദ്ധിച്ചത്. അടുത്ത നിമിഷം തീപിടിക്കുകയും ചെയ്തു. പെട്ടെന്ന് പോക്കറ്റിൽനിന്നു ഫോൺ പുറത്തെടുക്കുകയായിരുന്നു. കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ യുവാവിനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോക്കറ്റിന്റെ ഭാഗം പൂർണമായും കത്തിക്കരിഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഫാരിസ് ആശുപത്രി വിട്ടു. രണ്ടാഴ്ച മുൻപ് തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോകിന്റെ മകൾ ആദിത്യശ്രീ (8) മൊബൈൽഫോൺ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു.

ഫോൺ ഉപയോഗം: ശ്രദ്ധിക്കേണ്ടത്

∙ നിലവാരമുള്ള ഫോണുകൾ മാത്രം ഉപയോഗിക്കുക. ബാറ്ററികൾ മാറുമ്പോഴും നല്ല ബ്രാൻഡാണെന്ന് ഉറപ്പാക്കുക.
∙ ചാർജർ വാങ്ങുമ്പോഴും സുരക്ഷയ്ക്കു മുൻഗണന നൽകണം.
∙ ചാർജ് ചെയ്തുകൊണ്ട് ഫോൺ ഉപയോഗിക്കരുത്.

∙ ഫോൺ ചൂടായിക്കഴിഞ്ഞാൽ ഉപയോഗിക്കരുത്. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് പെട്ടെന്നു ചൂടാകുന്നുണ്ടെങ്കിൽ ഫോൺ സുരക്ഷിതമല്ല.
∙ തുടർച്ചയായി ദീർഘനേരം ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫോൺ ചൂടായിട്ടില്ലെങ്കിലും ബാറ്ററി ചൂടാകാൻ സാധ്യതയുണ്ട്.
∙ അന്തരീക്ഷത്തിലെ കൂടിയ താപനിലയും ഫോൺ ചൂടാകാൻ കാരണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com