ADVERTISEMENT

കോഴിക്കോട്∙ ഇന്നലെയും ആ നേവി ബ്ലൂ കളർ സ്കൂട്ടർ ബൈപാസിലൂടെ ആരെയോ ലക്ഷ്യമാക്കി ഓടുന്നുണ്ടായിരുന്നു. കോഴിക്കോട് മിനി ബൈപാസിൽ സ്കൂട്ടറിൽ അൻപത്തഞ്ചുകാരൻ നടത്തുന്ന ചില്ലറ മദ്യവിൽപന കോവിഡ് കാലത്താണ് തുടങ്ങിയത്. കണ്ടക്ടറായിരുന്ന അദ്ദേഹം ജോലിയില്ലാതായപ്പോൾ കണ്ടെത്തിയ സ്വയംതൊഴിലാണ്.

ഒരിക്കൽ പിടിയിലായിരുന്നു, പക്ഷേ വീണ്ടും കച്ചവടം തുടർന്നു. ലഹരി ആവശ്യക്കാരുടെ അടുക്കലേക്ക് ഓടിയെത്തുന്ന പുതിയ കാലത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു ഈ ഫോൺകോളിലെ വിവരങ്ങൾ. ജനമൈത്രി പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് ഒരിക്കൽ മാത്രം പിടിയിലായത്.

ഇവിടുത്തുകാരൻ തന്നെയായതിനാൽ ചേവായൂർ പൊലീസിനും ഇവനെ നന്നായി അറിയാമെന്ന് നാട്ടുകാർ. പക്ഷേ യാത്ര മുടക്കാൻ പൊലീസിനും താൽപര്യമില്ലാത്തപോലെ. നേരത്തേ പിടിക്കപ്പെട്ടിട്ടുള്ളവരെ വീണ്ടും പിടികൂടി ചോദ്യം ചെയ്താൽ ബൈപാസിലെ ലഹരിമരുന്ന് വ്യാപാരത്തിന്റെ മുഴുവൻ വിവരങ്ങളും കിട്ടുമെന്ന് നാട്ടുകാർ പറയുന്നു. 

വെള്ളിമാടുകുന്നിൽ സ്കൂളിനടുത്ത മരച്ചുവടും ലഹരി ഇടപാടുകേന്ദ്രമായി മാറിയിട്ടുണ്ട്. ലോട്ടറി വിൽപനക്കാരിലൊരാൾ രാവിലെ 6 മുതൽ 8 വരെ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ശേഷമാണ് ലോട്ടറി വിൽപനയിലേക്കു കടക്കുന്നത്. പൊലീസ് ഇറങ്ങുംമുൻപ് ആ പണി തീർന്നിരിക്കും.

ചേവരമ്പലത്ത് ലഹരിമരുന്ന് വിൽപന നടത്തിവരവെ പിടിയിലായി ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും വിൽപന തുടർന്നപ്പോൾ ചിലർ ചോദിച്ചു, കഴിഞ്ഞ ദിവസം പിടിയിലായതല്ലേ എന്ന്. അതെ, ജാമ്യത്തിലിറങ്ങിയതാണെങ്കിലും കേസ് നടത്തേണ്ടതല്ലേ, അതിനാണ് ഇതു തുടരുന്നത് എന്നായിരുന്നു മറുപടി. പിടിയിലായവർ ഒരിക്കലും ഇതു നിർത്തില്ല. ഇറക്കിക്കൊണ്ടുവരാൻ പുറത്ത് ആളുകൾ തയാറായിരിക്കുന്ന കാലത്തോളം. 

∙ മലയോരത്തെ കടകളിലൊന്ന് ലഹരിവസ്തുക്കളുടെ പ്രധാന വിൽപന കേന്ദ്രമാണ്. ലോറിക്കാരും മറ്റും യാത്ര ആരംഭിക്കുന്നതുതന്നെ ഇവിടെവന്നു സാധനം വാങ്ങിയശേഷമാണ്. സാധനം എത്തുന്നതോടെ ഈ കടയിലേക്ക് ആവശ്യക്കാർ ഒന്നിച്ച് ഓടിയെത്തുന്നതു പതിവുകാഴ്ചയാണ്. ഇതുകാരണം ഇവിടെ ഗതാഗതതടസം വരെയുണ്ടാവാറുണ്ട്. അര കിലോമീറ്റർ അടുത്താണ് നൂറുകണക്കിനു കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ.

∙ നഗരത്തിനടുത്ത ബസാറിൽ‌ പെട്രോൾ പമ്പിന് എതിർവശത്തെ 2 കടകളിൽ പരസ്യ മദ്യവിൽപനയുണ്ട്. ഒഴിച്ചുകൊടുത്തും അല്ലാതെയും വിൽ‌പന തകൃതിയാണ്. രാവിലെ 9 മുതൽ ഇവിടെ വിൽപന നടക്കുന്നു. ബവ്റിജസ് വിൽപനശാലയിൽ പോകാൻ മടിക്കുന്നവരെ വലയിലാക്കിയാണ് ഇവിടെ വിൽപന. മദ്യത്തിനു പുറമേ ലഹരിമരുന്നു വിൽപനയും ഈ കടകളിൽ നടക്കുന്നതായാണ് അറിയുന്നത്.

∙ ലഹരിവിൽപനയും അനാശാസ്യപ്രവൃത്തികളും സാമ്പത്തികതട്ടിപ്പും നടത്തുന്ന സംഘത്തിന്റെ ഇരയാണ് താനെന്ന് വ്യക്തമാക്കി ഒരാൾ വിളിച്ചു. തന്റെ ജോലിക്കാരനാണ് തന്റെ കുടുംബം തകർത്തത്. ഭാര്യയെ ലഹരിക്ക് അടിമയാക്കി തന്നിൽനിന്ന് അകറ്റി. ലഹരിയുടെ സ്വാധീനത്തിൽ സ്വന്തം അച്ഛനെപ്പോലും ആക്രമിച്ച ഭാര്യ ഇന്നും ലഹരിയുടെ സ്വാധീനവലയത്തിൽ ജീവിതം തള്ളിനീക്കുകയാണ്. ഈ സംഘം നാട്ടിൽ പലരെയും ഈ രീതിയിൽ വഞ്ചിച്ചിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

∙ വടകര എടച്ചേരി പഞ്ചായത്തിലൊരിടത്ത് ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ സാന്നിധ്യം ഇതുവഴി പോകുന്നവർക്ക് ശല്യമായി മാറിയിട്ടുണ്ടെന്ന് വീട്ടമ്മ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് കയറാൻ പോവുകയായിരുന്ന സ്ത്രീത്തൊഴിലാളിയെ ലഹരി ഉപയോഗിക്കുന്നവരിലൊരാൾ പിന്തുടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com